യൂറോപ്പിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഇങ്ങനെ പരിഭ്രാന്തി ഉണ്ടായി, മാറ്റങ്ങൾക്കായി. ഇന്ന് ഇന്റർനെറ്റും എഐയുമൊക്കെ ആണെങ്കിൽ അന്ന് റേഡിയോയും ടൈപ്റൈറ്ററും ആയിരുന്നു. അന്നും പരിഭ്രാന്തിയോടെ ഉള്ളതിനെ ഉപേക്ഷിച്ച് മാറ്റങ്ങൾക്ക് ശ്രമിച്ചവർക്കുള്ള മുന്നറിയിപ്പാണ് ‘പാരമ്പര്യവും വ്യക്തിഗത പ്രതിഭയും’ എന്ന ലേഖനത്തിൽ ടി.സ്. എലിയറ്റ് മുമ്പോട്ടു വയ്ക്കുന്നത്. ഭൂതകാലം വർത്തമാനത്താൽ എത്രത്തോളം മാറ്റപ്പെടുന്നുവോ, അത്രത്തോളംതന്നെ വർത്തമാനവും ഭൂതകാലത്താൽ നിർണയിക്കപ്പെടുന്നു എന്നാണ്. ഭൂതകാലം വർത്തമാനത്തെ നയിക്കണം എന്നാണ്. രണ്ടും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉണ്ടാകണമെന്ന് ചുരുക്കം. നിലവിലുള്ളതിനെ പൂർണമായി തള്ളി, പൂർണമായും പുതിയതിനെ സ്വീകരിക്കുന്നതിലുള്ള അപകടം ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു.
കൺവെൻഷനൽ കോഴ്സുകൾക്കെതിരേ പ്രചാരണം
ഇത്തരം പൂർണമായും പഴയതിനെ തള്ളിക്കളയുന്ന പ്രവണതയ്ക്ക് ഉദാഹരണമാണ് കൺവെൻഷനൽ കോഴ്സുകൾക്കെതിരേ ആരംഭിച്ച വമ്പിച്ച പ്രചാരണം. ഇതേതുടർന്ന് തൊഴിലധിഷ്ഠിത കോഴ്സുകൾ മതിയെന്നു ചിന്തിച്ചു തുടങ്ങി. വിദ്യാർഥികൾ ആഗ്രഹിച്ചു എന്നതിനപ്പുറം, അവരെക്കൊണ്ട് ആഗ്രഹിപ്പിച്ചു എന്നു വേണം കരുതാൻ. ഈ ഭ്രമത്തിൽ, കോളജുകളിലെ അടിസ്ഥാന കോഴ്സുകൾ മെച്ചപ്പെടുത്തുന്നതിന് പകരം, തൊഴിലധിഷ്ഠിത കോഴ്സുകൾ അതേ കോളജുകളിൽ നടത്താൻ തുടങ്ങി. അങ്ങനെ രണ്ടിലും വേണ്ടവണ്ണം ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയായി. കൂടാതെ ഫ്രോയിഡിന്റെ മനഃശാസ്ത്ര തത്വം അനുസരിച്ച് എളുപ്പമുള്ളതും സന്തോഷം തരുന്നതുമല്ലേ കുട്ടികൾ തെരഞ്ഞെടുക്കൂ, അവസരം കൊടുത്താൽ. ഇതിന് അപവാദം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് ആണ്. കൺവെൻഷനൽ കോഴ്സുകളുടെ നിലവാരം മെച്ചപ്പെടുത്തിത്തന്നെയാണ് ഇന്ത്യയിലെ മികച്ച കോളജായി അത് ഇപ്പോഴും നിലനിൽക്കുന്നത്.
സാങ്കേതികവിദ്യയുടെയും എഐയുടെയും ഇക്കാലത്ത് സയൻസ്, മാനവിക, ഭാഷാ വിഷയങ്ങളിലള്ള അടിസ്ഥാന കോഴ്സുകൾകൂടി ആവശ്യമാണ് എന്ന് ഇപ്പോൾ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അപ്പോഴേക്കും ഇത്തരം കോഴ്സുകൾ പല കോളജുകളിൽനിന്നും ഏതാണ്ട് അപ്രത്യക്ഷമാകാറായിട്ടുണ്ട്.
വെല്ലുവിളികൾ വരാനിരിക്കുന്നതേയുള്ളൂ
കോളജുകളിലെ തൊഴിലധിഷ്ഠിത കോഴ്സുകളുടെ അതിപ്രസരവും അനാവശ്യ പ്രാധാന്യവും മൂലം നമ്മുടെ ഗവേഷണ മേഖലയ്ക്കും ഉയർന്ന വിദ്യാഭ്യാസ, ഗവേഷണ യോഗ്യത വേണ്ട അധ്യാപകജോലിക്കും മറ്റു ജോലികൾക്കും ഒക്കെയുള്ള വെല്ലുവിളികൾ വരാനിരിക്കുന്നതേയുള്ളൂ. പെട്ടെന്നുള്ള തൊഴിൽ മാത്രമാണ് വിദ്യാഭ്യാസലക്ഷ്യം എന്ന അപകടംപിടിച്ച ആശയത്തിനാണ് ഇന്ന് പ്രാധാന്യം. വിദ്യാർഥികളായിരിക്കുമ്പോൾതന്നെ തൊഴിലിന്റെ മാഹാത്മ്യം പരിശീലിപ്പിക്കാനും സാമ്പത്തിക സ്വയംപര്യാപ്തത ശീലിപ്പിക്കാനും വിദേശ രാജ്യങ്ങളിൽ പാർട്ട് ടൈം ജോലികൾ, പഠനത്തോടൊപ്പം ഉണ്ട്. അപ്പോഴും തൊഴിൽ മാത്രമല്ല സർവകലാശാല പഠനത്തിന്റെ ഉദ്ദേശ്യം എന്നവർക്കറിയാം. അങ്ങനെ നമ്മൾ ആക്കിയെടുത്തത് ഒരു പ്രത്യേക വക്രീകരണമാണ്.
9/11 നു ശേഷം അമേരിക്കയിൽ ഹോം ലാൻഡ് സെക്യൂരിറ്റി എന്ന വകുപ്പ് നിലവിൽ വരുകയും, രാജ്യത്തെ സുരക്ഷിതമാക്കാൻ വിമാനത്താവളങ്ങൾ ഉൾപ്പടെ പല സ്ഥലത്തും മിടുക്കരായ യൂണിവേഴ്സിറ്റി വിദ്യാർഥികളെ ജോലിക്ക് തയാറാക്കണം എന്നുള്ള അമേരിക്കൻ ഗവൺമെന്റിന്റെ അഭ്യർഥനയെ അന്നത്തെ യൂണിവേഴ്സിറ്റി പ്രസിഡന്റുമാർ ഒന്നടങ്കം എതിർക്കുകയുമുണ്ടായി. അതിന് പലകാരണങ്ങളിൽ പ്രധാനം, മിടുക്കരായ വിദ്യാർഥികളുടെ തുടർപഠന സാധ്യതയും ഗവേഷണ മികവും ഉറപ്പാക്കുക എന്നതായിരുന്നു.
വേണ്ടവിധം മനസിലാക്കാതെ ചുരുക്കാൻ ശ്രമിച്ചു
തൊഴിലധിഷ്ഠിത കോഴ്സുകൾ മറ്റ് വിദ്യാഭ്യാസ തലങ്ങളിൽ ധാരാളം ഉണ്ടല്ലോ. പോളിടെക്നിക് കോളജുകളും ഡിപ്ലോമ പ്രോഗ്രാമുകളും കമ്യൂണിറ്റി കോളജുകളും ഉദാഹരണങ്ങളാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ പ്രാധാന്യമോ പ്രത്യേകതയോ വേണ്ടവിധം മനസിലാക്കാതെയാണ് നമ്മൾ ഇതിനെ തൊഴിലധിഷ്ഠിതമാക്കി മാത്രം ചുരുക്കാൻ ശ്രമിച്ചത്.
ഇതിനോടാനുബന്ധിച്ചു തന്നെയുള്ള മറ്റൊരു പ്രശ്നമാണ് ശാസ്ത്ര സാങ്കേതിക വിഷയങ്ങൾക്ക് കല്പിച്ചുകൊടുത്ത അതിരുകവിഞ്ഞ പ്രാധാന്യം. മെഡിക്കൽ, എൻജിനിയറിംഗ് കോച്ചിംഗ് സെന്ററുകളുടെ ആധിക്യമായും അമിത ഫീസ് ആയും ചോദ്യപേപ്പർ കച്ചവടമായും കടുത്ത കിടമത്സരമായും കുട്ടികളുടെ ആത്മഹത്യയായും ഒക്കെ ഈ അമിത പ്രാധാന്യം നമ്മെ വേട്ടയാടുകയാണ്. അതോടൊപ്പം തന്നെ, ഇങ്ങനെ പഠിച്ചിറങ്ങുന്നവരുടെ സാമൂഹ്യ പ്രതിബദ്ധതയും കാര്യക്ഷമതയും പലപ്പോഴും സംശയത്തിലാകുന്നുമുണ്ട്.
ഇതുമൂലം, സമൂഹനിർമിതിക്ക് സയൻസിനോടൊപ്പംതന്നെ പ്രാധാന്യമുള്ള മാനവിക വിഷയങ്ങൾ അപകടകരമാംവിധം പിന്തള്ളപ്പെടാനും ഇത് കാരണമായി. ഇതിന്റെയും ഭവിഷ്യത്തുകൾ ഭാവിയിൽ വരാനിരിക്കുന്നതേയുള്ളൂ.
‘ഹാർഡ് ടൈംസ്’
ഇത്തരം പ്രായോഗിക സയൻസ് വിഷയങ്ങൾക്ക് മാത്രം അമിത പ്രാധാന്യം നൽകിയ ഇംഗ്ലണ്ടിലെ വിക്ടോറിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചെഴുതപ്പെട്ട നോവലാണ് ചാൾസ് ഡിക്കൻസന്റെ (Charles Dickens) ‘ഹാർഡ് ടൈംസ്’ (Hard Times). ശാസ്ത്രീയവും യുക്തിസഹവുമായ വിദ്യാഭ്യാസ രീതികളുടെ അമിത പ്രാധാന്യം മനുഷ്യത്വത്തെയും ഭാവനയെയും എങ്ങനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള ശക്തമായ ഒരു വിമർശനമാണിത്.
“ഇപ്പോൾ എനിക്ക് വേണ്ടത് വസ്തുതകളാണ്. ഈ ആൺകുട്ടികളെയും പെൺകുട്ടികളെയും വസ്തുതകൾ അല്ലാതെ മറ്റൊന്നും പഠിപ്പിക്കരുത്. ജീവിതത്തിൽ വസ്തുതകൾ മാത്രമാണ് ആവശ്യം. അതല്ലാതെ മറ്റൊന്നും നട്ടുപിടിപ്പിക്കരുത്, മറ്റുള്ളതെല്ലാം വേരോടെ പിഴുതെറിയുക” എന്ന് വിശ്വസിക്കുന്ന നോവലിലെ പ്രധാന കഥാപാത്രമായ തോമസ് ഗ്രാഡ്ഗ്രിൻഡ് എന്ന അധ്യാപകൻ കുട്ടികൾക്കു കേവലം വസ്തുതകളും കണക്കുകളും ശാസ്ത്രീയ വിവരങ്ങളും മാത്രം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് പിന്തുടരുന്നത്. കുട്ടികളുടെ ഭാവന, കല, വികാരങ്ങൾ എന്നിവയ്ക്ക് അവിടെ യാതൊരു സ്ഥാനവുമില്ല. കുട്ടികളെ വെറും വിജ്ഞാന സംഭരണികളായി മാത്രമാണ് ഈ സിസ്റ്റം കാണുന്നത്. ഈ അമിതമായ ശാസ്ത്രീയ-യുക്തി ചിന്താഗതി മനുഷ്യരെ കേവലം യന്ത്രങ്ങളാക്കി മാറ്റുന്നു എന്ന് ഡിക്കൻസ് വാദിക്കുന്നു.
ശാസ്ത്രവും യുക്തിയും ആവശ്യമാണെങ്കിലും, മനുഷ്യന്റെ പൂർണമായ വികാസത്തിന് ഭാവനയും സർഗാത്മകതയും മാനുഷിക മൂല്യങ്ങളുംകൂടി അത്യന്താപേക്ഷിതമാണെന്ന് നോവൽ വ്യക്തമാക്കുന്നു.
മുന്നറിയിപ്പ് പ്രസക്തം
നോവലും മുന്നറിയിപ്പും നമ്മുടെ കാലത്തും പ്രസക്തമാണെന്ന് തോന്നുന്നു, പ്രത്യേകിച്ചു വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഗവണ്മെന്റുകൾ ശ്രമിക്കുന്ന കാലഘട്ടത്തിൽ. ഇത്തരം സർഗാത്മകമായ സാഹചര്യത്തിന്റെ അന്വേഷ ണത്തിലാണ് നമ്മുടെ വിദ്യാർത്ഥികളും എന്നു നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ഇത്തരുണത്തിൽ, കർദിനാൾ ജോൺ ഹെൻറി ന്യൂമാന്റെ ‘ദി ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി’ (The Idea of a University - 1852) എന്ന വിഖ്യാത ഗ്രന്ഥത്തിൽ, സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് പറയുന്ന ചില പ്രധാന ആശയങ്ങൾ നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും പദ്ധതികൾക്കും സഹായകമാകും.
മനുഷ്യന്റെ ബുദ്ധിശക്തിയെയും ചിന്താശേഷിയെയും പൂർണമായി വികസിപ്പിക്കുന്ന ‘ലിബറൽ വിദ്യാഭ്യാസം’ആണ് സർവകലാശാലകൾ നൽകേണ്ടത് എന്ന് അദ്ദേഹം വാദിച്ചു.