മുംബൈ: ഓഹരി വിപണിയിൽ കനത്ത തകർച്ച നേരിട്ട് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കന്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ. ആഗോള വിപണിയിലെ തകർച്ചയെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ തുടർച്ചയായ ഒന്പതാം ദിവസമാണ് നഷ്ടത്തിലാകുന്നത്.
ഇന്നലെ ഓഹരി രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് ഒരു വർഷത്തെ (52 ആഴ്ച) താഴ്ന്ന നിരക്കായ 1,267 എന്ന നിലവാരത്തിലെത്തി. തുടർച്ചയായ ഒൻപത് ദിവസത്തെ ഈ ഇടിവോടെ, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഈ കന്പനിയുടെ ഓഹരി മൂല്യത്തിൽ 7 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഇതേത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം മുൻപുണ്ടായിരുന്ന 18.49 ലക്ഷം കോടി രൂപയിൽ നിന്ന് 17.10 ലക്ഷം കോടി രൂപയായി കുറയുകയും, നിക്ഷേപകരുടെ സന്പത്തിൽ 1,29,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.
ബിഎസ്ഇ സെൻസെക്സിൽ ഈ വർഷം ഇതുവരെ റിലയൻസ് ഓഹരികൾക്ക് 19 ശതമാനത്തോളം ഇടിവ് നേരിട്ടു.