തിരുവനന്തപുരം: സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍.
സാമൂഹ്യനീതി വകുപ്പിനു കീഴിലെ കേരള സാമൂഹ്യസുരക്ഷാ മിഷന് വഴി നടപ്പിലാക്കുന്ന ‘സമാശ്വാസം’ പദ്ധതിയുടെ 2026-27 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 4.80 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഡയാലിസിസ് ചെയ്യുന്നവര്‍, വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവച്ചവര്‍, ഹീമോഫീലിയ, അരിവാള്‍ രോഗം തുടങ്ങിയവ ബാധിച്ച അര്‍ഹരായ 3640 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി വഴി പ്രതിമാസ ധനസഹായം ലഭിക്കുന്നത്.
വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ള 360 പേര്‍ക്കും, ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1400 പേര്‍ക്കും 1000 രൂപ വീതം പ്രതിമാസം അനുവദിക്കുന്നതാണ് സമാശ്വാസം പദ്ധതി.
ഇതിനു പുറമെ വൃക്ക സംബന്ധമായ തകരാര്‍ സംഭവിച്ച് ഡയാലിസിസിന് വിധേയരാകുന്ന 1680 പേര്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കിലും, അരിവാള്‍ രോഗം ബാധിച്ച 200 രോഗികള്‍ക്ക് പ്രതിമാസം 2000 രൂപ നിരക്കിലും ‘സമാശ്വാസം’ പദ്ധതിയിലൂടെ ധനസഹായം ലഭ്യമാകും.
ജീവന്‍രക്ഷാ ചികിത്സകള്‍ക്കായി ഭീമമായ തുക ചെലവഴിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് കൈത്താങ്ങാണ് സമാശ്വാസ പദ്ധതി. കേരള സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രൊപ്പോസലും വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ അംഗീകാരവും പരിഗണിച്ചാണ് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡുവായി നാല് മാസത്തെ വിഹിതം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ധനസഹായം ഉടന്‍ തന്നെ അര്‍ഹരായവരുടെ കൈകളില്‍ എത്തിച്ചേരുമെന്ന് സാമൂഹ്യനീതി മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു.