കുമരകം: മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ പുറത്തുപോയിരിക്കുമെന്നും അതിൽ ഒരു സംശയവുമില്ലെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നതുവരെ വിട്ടുവീഴ്ചയില്ലാതെ സമരമുഖത്തുണ്ടാകുമെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.
പാർലമെന്ററി പബ്ലിക് അഫയേഴ്സ് കമ്മിറ്റിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കുമരകം റിതം റിസോർട്ടിൽ നടന്ന മീറ്റിംഗിനെത്തിയതായിരുന്നു അദ്ദേഹം.
ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും പണം നൽകലും സാധ്യമാക്കാൻ ആധാറിനു പകരം വോട്ടർ ഐഡന്റിറ്റി കാർഡും ബയോമെട്രിക് വിവരങ്ങളും ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുറത്തുവന്നതോടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്ക സത്യമാണെന്നു തെളിയുകയാണ്.
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവൽപ്രശ്നമെന്ന നിലയിൽ പ്രതിപക്ഷത്തിന്റെ സമരങ്ങൾക്ക് ജനപിന്തുണയേറുകയാണെന്നും കെ.സി. വേണുഗോപാൽ. ദീപാവലിക്കുശേഷം തുടർ സമരങ്ങളുണ്ടാകും. ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി വിജയംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.