District News
ഇരിട്ടി: വന്യമൃഗങ്ങൾക്കായി കാടിനുള്ളിൽ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്ന "മിഷൻ ഫുഡ്, ഫോഡർ, വാട്ടർ' പദ്ധതിയുടെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ വന്യമൃഗസങ്കേതത്തിനുള്ളിലെ ചെറു നീരുറവകളുടെയും കുളങ്ങളുടെയും തോടുകളുടെയും നവീകരണം തുടങ്ങി.
വേനൽക്കാലങ്ങളിൽ വനത്തിനുള്ളിൽ വെള്ളത്തിന് രൂക്ഷമായ ക്ഷാമമാണ് നേരിടുന്നത്. ഭക്ഷണത്തിനും ഇക്കാലത്ത് വലിയ ക്ഷാമം ഉണ്ടാകുമ്പോഴാണ് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങൾ സംരക്ഷിത മേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ജനവാസ മേഖലയിൽ വെള്ളവും ഭക്ഷണവും ലഭ്യമാകുന്നതിനാൽ കാടിറങ്ങിയ വന്യമൃഗങ്ങൾ വനത്തിനുള്ളിലേക്ക് തിരിച്ചു കയറാൻ മടിക്കുന്നു.
വനം വകുപ്പ് കൊട്ടിയൂർ റേഞ്ച് കീഴ്പള്ളി സെക്ഷൻ പരിധിയിലെ കുളം നവീകരിച്ചു തുടങ്ങി. വരുംദിവസങ്ങളിലെ ആറളം മേഖലയിലേയും നവീകരണം തുടങ്ങും. ആറളത്ത് വേനൽക്കാലത്ത് ഇലപൊഴിയും കാടുകളാണ് കൂടുതലായി ഉള്ളത്. ഇതുമൂലം ഇലകൾ പൊഴിഞ്ഞ് നീരുറവകളിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകുന്നതിനും മറ്റും തടസമാകുന്നു.
വേനലിന്റെ തുടക്കത്തിൽ വനത്തിനുള്ളിലെ സ്വാഭാവിക നീരുറവകളിൽ താത്കാലിക ബണ്ടുകൾ കെട്ടി വെള്ളം സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇക്കൂറി വരൾച്ച രൂക്ഷമാകുമെന്ന മുന്നറിയിപ്പും ഉണ്ട്. വന മേഖലയിൽ ഉൾപ്പെടെ തുലാമഴ വളരെ കുറഞ്ഞ അളവിൽ മാത്രമേ ലഭിച്ചിട്ടുള്ളു.
ആറളം, കൊട്ടിയൂർ വന മേഖലയോട് ചേർന്നു കിടക്കുന്ന കർണാടകയുടെ ബ്രഹ്മഗിരി വനമേഖലയിലും തുലാമഴയുടെ തോത് വളരെ കുറവായിരുന്നു. വനത്തിനുള്ളിലെ നീരുറവകളാണ് ബാവലി, ബാരാപ്പോൾ പുഴകളിലെ ജലവിതാനത്തെയും നിയന്ത്രിക്കുന്നത്. വനമേഖലയോട് ചേർന്നുള്ള ആറളത്തെ കക്കുവ, ഓടൻതോട് പുഴകളിലും ഒഴുക്ക് നിലച്ചു. ഇതെല്ലാം ജനവാസ മേഖലയ്ക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
വിത്ത് ബോൾ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. പലതരം സസ്യങ്ങളുടെ വിത്തുകൾ ബോൾ രൂപത്തിലാക്കി വനത്തിനുള്ളിലേക്ക് എറിയുന്ന രീതിയാണിത്. ഇതിന്റെ തുടർ പ്രവർത്തനം എന്ന നിലയിലാണ് വനത്തിനുള്ളിൽ കുടിവെള്ളം ഉറപ്പാക്കുന്ന നടപടികൾ ആരംഭിച്ചത്.
District News
എരുമേലി: ചേനപ്പാടി-എരുമേലി പിഡബ്ല്യുഡി റോഡിന്റെ അവസാന റീച്ചായ കാരിത്തോട് മുതൽ എരുമേലി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണം അന്തിമഘട്ടത്തിൽ. ഒന്നേകാൽ കോടി രൂപ വിനിയോഗച്ചാണ് റോഡ് പുനരുദ്ധരിക്കുന്നത്. തകർന്ന ഭാഗങ്ങൾ സ്ക്യാരിഫൈ ചെയ്ത് സോളിംഗ് നടത്തി റീ ടാറിംഗിന് സജ്ജമാക്കി.
പുനരുദ്ധാരണ പ്രവൃത്തികൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്യോഗസ്ഥരോടൊപ്പം എത്തി വിലയിരുത്തി. ഇനി ടാറിംഗ് പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതു മൂന്നുദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരനും എംഎൽഎയെ അറിയിച്ചു. ഇതോടെ പഴയിടം മുതൽ എരുമേലി വരെയുള്ള ഒന്‍പത് കിലോമീറ്റർ ദൂരം മൂന്നു ഘട്ടമായി പൂർണമായും റീടാറിംഗ് പൂർത്തീകരിക്കുകയാണ്.
ചങ്ങനാശേരി, കറുകച്ചാൽ, മണിമല തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് എരുമേലിയിലേക്ക് എത്തുന്ന ശബരിമല തീർഥാടകർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഏറ്റവും എളുപ്പവഴിയാണ് ഈ റോഡ്.
നാളുകളായി ഈ റോഡ് തകർന്നു കിടന്നിരുന്നതിനാൽ യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു. ശബരിമല തീർഥാടന കാലത്ത് യാത്രാക്കുരുക്കിനും ഈ റോഡിന്റെ ശോച്യാവസ്ഥ മൂലം ഇടയായിരുന്നു. ചേനപ്പാടി-എരുമേലി റോഡ് കൂടി പൂർത്തീകരിക്കുന്നതോടുകൂടി എരുമേലി സെക്ഷന്‍ കീഴിലുള്ള മുഴുവൻ പിഡബ്ല്യുഡി റോഡുകളുടെയും പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു
District News
കോഴിക്കോട്:കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വികസനം കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തം.റെയില്‍വേ സ്റ്റേഷന് പ്രവൃത്തികള്‍ നീണ്ടുപോകുന്നത് യാത്രക്കാര്‍ക്കും റെയില്‍വേ സ്റ്റേഷന് റോഡ് വഴിയുമുള്ള മറ്റു ഗതാഗതത്തെയും വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന് നവീകരണവുമായി ബന്ധപ്പെട്ട് ബസ് സ്റ്റോപ്പ് മാറ്റിയതും റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്.
മുന്‍പ് റോഡ് മുറിച്ചുകടന്ന് എളുപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൂറ്റന്‍ ഷീറ്റ് കൊണ്ട് റെയില്‍വേ സ്റ്റേഷന് മുന്‍ വശം പൂര്‍ണമായും മറച്ചാണ് പ്രവൃത്തികള്‍ നടക്കുന്നത്. ഇതുമൂലം ഒറ്റവഴിമാത്രമാണ് ലിങ്ക് റോഡ് പരിസരത്തുനിന്നും സ്റ്റേഷനിലേക്ക് എത്താനുള്ളത്. ഇത് തിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന് വികസിക്കുന്നതിനൊപ്പം തന്നെ സമീപത്തെ റോഡുകളും അതിനനുസരിച്ച് വികസിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്.
റെയില്‍വേ സ്റ്റേഷന് വികസനം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച്, അനുബന്ധ റോഡുകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച് ചര്ച്ചകളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ പറയുന്നു. നിലവില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ആക്ഷേപം.
പ്രവൃത്തി പൂര്‍ത്തിയായത് കാല്‍ഭാഗം മാത്രം
റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ 18 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായതെന്നു കണക്കുകൾ. ആകാശ ഇടനാഴി, രണ്ട് ആകാശ നടപ്പാതകൾ, സബ് സ്റ്റേഷനുകൾ എന്നിവ ഡിസൈൻ ഘട്ടത്തിൽ തന്നെയാണിപ്പോഴും. കിഴക്ക്, പടിഞ്ഞാറ് കവാടങ്ങളുടെ നിർമാണം 15.5 ശതമാനം മാത്രമാണു പൂർത്തിയായത്.
രണ്ട് കവാടങ്ങളിലും പൈലിംഗ് പൂർത്തിയായി. റെയിൽവേ ഓഫീസ് കെട്ടിടത്തിന്റെ 16 ശതമാനവും ടൈപ് നാല്, അഞ്ച് ക്വാർട്ടേഴ്സുകളുടെ 10 ശതമാനവും മാത്രമാണു പൂർത്തിയായത്. 9 നിലകളും 3 ബ്ലോക്കുകളുമുള്ള ടൈപ് 2 ക്വാർട്ടേഴ്സുകളുടെ നിർമാണം 28.5 ശതമാനവും ടൈപ് 3 ക്വാർട്ടേഴ്സുകളുടേത് 28 ശതമാനവും പൂർത്തിയായി. സ്റ്റേഷൻ കെട്ടിടം നിർമാണം പൂർത്തിയായി റോഡുകളും നടപ്പാതകളും നിർമിച്ചാൽ മാത്രമേ തുറന്നു കൊടുക്കാൻ പറ്റൂ.
പ്ലാറ്റ്ഫോം നവീകരണം, റോഡുകളുടെയും നടപ്പാതകളുടെയും നിർമാണം, ലാൻഡ്സ്കേപ്പിങ് എന്നിവ അന്തിമഘട്ടത്തിലേ നിർമാണം തുടങ്ങൂ. റെയിൽവേ ഹെൽത്ത് യൂണിറ്റ് (79 ശതമാനം) മാത്രമാണ് 50 ശതമാനത്തിലധികം പൂർത്തിയായത്.
2024 ജൂൺ ഒന്നിനാണു കരാർ നൽകിയത്. 2027 ജൂൺ ഒന്നിനു നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ. 18 മാസത്തിനകം പൂർത്തിയാകണമെങ്കിൽ ഈ വേഗം മതിയാകില്ലെന്ന് എൻജിനീയർമാർ തന്നെ പറയുന്നു.
Kerala
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികൾ നിര്‍ത്തിവച്ചിട്ടില്ലെന്ന് ജിസിഡിഎ. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനില്‍നിന്നു സ്റ്റേഡിയം തിരികെ ഏറ്റെടുക്കുകയാണുണ്ടായത്. ഈ മാസം 20ന് മുമ്പായി നിലവില്‍ ചെയ്തുവരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സ്പോണ്‍സര്‍ക്കു സമയം അനുവദിച്ചതായും ജിസിഡിഎ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൗഹൃദമത്സരത്തിനുവേണ്ടി സ്റ്റേഡിയം നവീകരിക്കാന്‍ സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണു സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്. തുടര്‍ന്നു നിര്‍മാണ പ്രവൃത്തികള്‍ക്കായി സ്പോണ്‍സര്‍ക്കു കൈമാറി. സമയപരിധി കഴിഞ്ഞതോടെയാണ് ഇപ്പോള്‍ ജിസിഡിഎ സ്റ്റേഡിയം ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ചെയ്തുവരുന്ന നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സ്പോണ്‍സറുമായുള്ള ധാരണ പ്രകാരം 20 വരെ സമയം അനുവദിച്ചതായും ജിസിഡിഎ അറിയിച്ചു.
ടര്‍ഫ് നവീകരണം, ഇരിപ്പിട നവീകരണം, പ്രവേശന കവാടനിര്‍മാണം, പാര്‍ക്കിംഗ് പുനരുദ്ധാരണം, ചുറ്റുമതിൽ നിര്‍മാണം, ഫാള്‍ സീലിംഗ്, ടോയ്ലറ്റുകളുടെയും വിഐപി എന്‍ട്രി, പ്ലെയേഴ്സ് റൂം എന്നിവയുടെയും നവീകരണം, ഫ്ളഡ് ലൈറ്റ് മാറ്റി സ്ഥാപിക്കല്‍, ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി എന്നിവയായിരുന്നു സ്പോണ്സര് ഏറ്റെടുത്ത നിര്‍മാണപ്രവൃത്തികള്‍. ഇതില്‍ ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലെ കസേരകൾ മാറ്റി പുതിയവ സ്ഥാപിച്ചു. വിഐപി ഏരിയയിലെ കസേരകൾ മാറ്റി എച്ച്ഡിപിഇ ഇരിപ്പിടങ്ങള്‍ ഒരുക്കി. നാല് ടോയ്ലറ്റ് ബ്ലോക്കുകളിലും ടീം റൂമുകളിലും പുതിയ ടൈലുകള്‍ പാകി.
ഡ്രെയ്നേജ് ലൈനുകള്‍ പൂര്‍ണമായി വൃത്തിയാക്കി. പ്രവേശനപാതയ്ക്ക് ഇരുവശവുമുള്ള 35 മരങ്ങള്‍ക്കു ചുറ്റുമായി അടിത്തറ കെട്ടി. സ്റ്റേഡിയത്തിനുള്ളിലേക്കുള്ള എന്‍ട്രന്‍സ് ലോബിയുടെ മുന്‍ഭാഗം മനോഹരമാക്കിയിട്ടുണ്ട്. ഫ്ളെഡ് ലൈറ്റിന്റെ നാല് കാലുകളുടെ സ്റ്റീല്‍ ഫ്രെയിം നവീകരിച്ചു. 1.49 കിലോമീറ്റര്‍ നീളം വരുന്ന ചുറ്റുമതിലിന്റെ കിഴക്കുഭാഗത്ത് 348 മീറ്ററും പടിഞ്ഞാറുഭാഗത്ത് 299 മീറ്ററും നിര്‍മിച്ചു.
ശേഷിക്കുന്ന 845 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മാണമാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിനു ശേഷമേ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ നിര്‍മാണം തുടരാനാകൂ. ടോയ്ലറ്റ് ബ്ലോക്കുകളിലെ സാനിറ്ററി ഫിറ്റിംഗ്സ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
മരങ്ങള്‍ക്കു ചുറ്റും നിര്‍മിച്ച അടിത്തറയില്‍ ഗ്രാനൈറ്റ് സ്ലാബുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. മെട്രോ സ്റ്റേഷനു സമീപത്തെ പ്രധാന പ്രവേശനകവാടത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരിക്കാനുണ്ട്.
ഫ്ളഡ് ലൈറ്റുകളിലെ പഴയ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഈ നിര്‍മാണപ്രവൃത്തികളാണ് 20നു മുന്‍പായി പൂര്‍ത്തീകരിക്കാന്‍ സ്പോണ്‍സര്‍ക്കു സമയം അനുവദിച്ചിട്ടുള്ളത്.
Kerala
കൊച്ചി: സമയപരിധി അവസാനിച്ചതോടെ കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ പാതിവഴിയില്‍ നിർത്തി സ്റ്റേഡിയം ജിസിഡിഎയെ തിരിച്ചേൽപിച്ച് സ്പോണ്സര്. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വ്യക്തത വരുത്താന്‍ ജിസിഡിഎ ഇന്ന് പത്രക്കുറിപ്പ് ഇറക്കും.
അര്‍ജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 26നാണ് സ്പോണ്സര് സ്റ്റേഡിയം ഏറ്റെടുത്തത്. നവംബര്‍ 30നകം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്പോണ്സര് പറഞ്ഞിരുന്നത്. എന്നാല്‍, സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍, പാര്‍ക്കിംഗ്, കവാടത്തിലെ നിര്‍മാണപ്രവൃത്തികള്‍, സ്റ്റേഡിയത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊന്നും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയം.
ലയണൽ മെസിയെ കൊണ്ടുവരുമെന്നും ഇതിനായി 70 കോടി രൂപ ചെലവില്‍ സ്റ്റേഡിയം പുതുക്കിപ്പണിയും എന്നുമായിരുന്നു സ്പോണ്‍സറുടെ വാഗ്ദാനം. ഇതിനു പിന്നാലെ സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍, പുതിയ കവാടം, സീറ്റ് മാറ്റല്‍, വിവിഐപി ഏരിയ പുതുക്കിപ്പണിയല്‍, ഫ്ലഡ് ലൈറ്റ്, ടര്‍ഫ് നവീകരണം അടക്കമുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍, അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് ഒക്ടോബറില്‍ വ്യക്തമാക്കി. ഇതോടെ നിര്‍മാണപ്രവൃത്തികളില്‍ മെല്ലെപ്പോക്ക് തുടര്‍ന്നു. ഇതിനെതിരേ സ്റ്റേഡിയം കെട്ടിടത്തിലെ കടയുടമകള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, പെയിന്റിംഗ് ജോലികളും പുതിയ സീറ്റ് ഘടിപ്പിക്കുന്നതും പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. വ്യക്തമായ കരാര്‍ ഇല്ലാതെയായിരുന്നു സ്റ്റേഡിയം ജിസിഡിഎ സ്പോണ്‍സര്‍ക്കു കൈമാറിയത്. മെസി അടങ്ങുന്ന അര്‍ജന്റീന ടീം കേരളത്തിലേക്കെത്തുമെന്ന സ്പോൺസറുടെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഇത്.
സ്റ്റേഡിയം കൈമാറ്റം പിന്നീട് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ജിസിഡിഎ നേരിട്ട് സ്റ്റേഡിയം കൈമാറിയിട്ടില്ലെന്നും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് മുഖേനയാണു കരാറെന്നുമായിരുന്നു ജിസിഡിഎയുടെ വാദം. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജിസിഡിഎ പണം ചെലവഴിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നിരുന്നു.
കരാര്‍ കാലാവധി അവസാനിച്ചതോടെ സ്റ്റേഡിയം കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് തിരിച്ചെടുത്തു. പൂര്‍ത്തിയാകാനുള്ള ജോലികളില്‍ ഏതാനും ചിലത് സ്പോണ്സര് ചെയ്യുമെന്നാണു ജിസിഡിഎ അറിയിക്കുന്നത്. ഈ കാര്യങ്ങളിലടക്കം ഇന്നത്തെ പത്രക്കുറിപ്പിൽ വ്യക്തത വരുത്തുമെന്നാണു ജിസിഡിഎ അധികൃതരുടെ പ്രതികരണം.
District News
മുക്കം: കൊടിയത്തൂര്‍ രണ്ടാം വാര്‍ഡില്‍ പെട്ട കൊളായില്‍ അഹമ്മദ് കുട്ടി ഹാജി റോഡ്, കുറുപ്പംകണ്ടി സ്റ്റേഡിയം റോഡ് എന്നിവയുമായി ബന്ധപ്പെട്ട് പി.എം.ജി.എസ്.വൈ പദ്ധതി ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി.
പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്കും പി.ടി.എം ഹയര്‍ സെക്കന്‍ഡറി, വാദി റഹ്മ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുവായിരത്തോളം വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്പെടുന്ന റോഡാണ് കൊളായില്‍ അഹമ്മദ്കുട്ടി ഹാജി റോഡ്. നിലവില്‍ പി.ടി.എം സ്കൂളിലേക്കുള്ള റോഡ് ആവശ്യത്തിന് വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പുതിയ റോഡ് വരുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാവും. കാരശേരി- കൊടിയത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കുറുപ്പുംകണ്ടി റോഡും നിരവധി കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ്.
വാര്‍ഡ് മെമ്പര്‍ വി.ഷംലൂലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്. പഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഷംലൂലത്തിന്റെ നേതൃത്വത്തില്‍ സ്ഥലം എം.പി പ്രിയങ്ക ഗാന്ധിയുടെ റിക്വസ്റ്റ് ലെറ്റര്‍ അടക്കം സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍ എത്തിച്ചു നല്‍കിയിരുന്നു.
പാലക്കുഴിയില്‍ നിന്നാരംഭിച്ച് പി.ടി.എം ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്ത് എത്തിച്ചേരുന്ന കൊളായില്‍ അഹമ്മദ് കുട്ടി ഹാജി റോഡിന് ഒരു കിലോമീറ്റര്‍ ദൂരമാണുള്ളത്.