ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ക്ലാക്ടൺ-ഓൺ-സീ: ക്ലാക്ടൺ ഹോസ്പിറ്റലിൽ 25 മില്യൺ പൗണ്ട് ചെലവഴിച്ച് നടപ്പാക്കുന്ന വിപുലമായ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടെൻഡ്രിംഗ് ഡിസ്ട്രിക്ട് കൗൺസിലിലെ മുതിർന്ന ജനപ്രതിനിധികൾ ആശുപത്രി സന്ദർശിച്ചു.
ആരോഗ്യപരിചരണ സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റ് സഫോക്ക് ആൻഡ് നോർത്ത് എസെക്സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതിക്കായി ടെൻഡ്രിംഗ് ഡിസ്ട്രിക്ട് കൗൺസിൽ രണ്ട് മില്യൺ പൗണ്ട് ധനസഹായം നൽകി. സർക്കാർ പിന്തുണയുള്ള കമ്മ്യൂണിറ്റി റീജനറേഷൻ പാർട്ണർഷിപ്പ് ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിച്ചത്.
അടിയന്തര ചികിത്സാ കേന്ദ്രം, കുട്ടികൾക്കായുള്ള കമ്മ്യൂണിറ്റി പീഡിയാട്രിക്സ് വിഭാഗം, കുട്ടികളുടെ ചികിത്സാ-പുനരധിവാസ സേവനങ്ങൾ, പേശികൾ, സന്ധികൾ, അസ്ഥികൾ എന്നിവയുമായി ബന്ധപ്പെട്ട മസ്കുലോസ്കെലെറ്റൽ ചികിത്സാ വിഭാഗം എന്നിവയാണ് നവീകരണത്തിന്റെ പ്രധാന നേട്ടങ്ങൾ.
കൗൺസിൽ നേതാവ് മാർക്ക് സ്റ്റീഫൻസണും ഡെപ്യൂട്ടി ലീഡർ ഇവാൻ ഹെൻഡേഴ്സണും ഉൾപ്പെടെയുള്ള പ്രതിനിധികളാണ് ആശുപത്രിയിലെ പുതിയ സൗകര്യങ്ങൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയത്.
ഗ്രേറ്റർ ടെൻഡറിങ് മേഖലയിലെ ജനങ്ങൾക്ക് സ്വന്തം പ്രദേശത്തുതന്നെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിൽ ആശുപത്രിയിലെ നവീകരണം വലിയ നേട്ടമാണെന്ന് മാർക്ക് സ്റ്റീഫൻസൺ പറഞ്ഞു.
പ്രദേശത്തിന്റെ പുനരുജ്ജീവനത്തിനായി സർക്കാർ മുഖേന ലഭ്യമാക്കുന്ന ഫണ്ടുകൾ ജനങ്ങളുടെ ജീവിതത്തിൽ ദീർഘകാല മാറ്റങ്ങൾ സൃഷ്ടിക്കണമെന്നാണ് കൗൺസിലിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയുടെ വികസനത്തിന് കൗൺസിലിന് പുറമെ ESNEFT, NHS England, NHS Property Services എന്നിവരും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി മറ്റ് നിരവധി ചികിത്സാ സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
പുതിയ കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററും എൻഡോസ്കോപ്പി വിഭാഗവും സ്ഥാപിച്ചു. പ്രസവചികിത്സാ സേവനങ്ങൾ പുതിയ സംവിധാനത്തിലേക്ക് മാറ്റുകയും ആധുനിക ബർത്തിങ് സ്യൂട്ട് ആരംഭിക്കുകയും ചെയ്തു.
പോഡിയാട്രി വിഭാഗത്തിന് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഇടവും ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് വിവിധതരം ഇൻഫ്യൂഷൻ ചികിത്സകൾ നൽകുന്ന ജൂബിലി ഇൻഫ്യൂഷൻ ലോഞ്ചും എളുപ്പത്തിൽ എത്തിച്ചേരാവുന്ന താഴത്തെ നിലയിലേക്ക് മാറ്റി.

പുതിയ അടിയന്തര ചികിത്സാ കേന്ദ്രം ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്നതാണ്. ജീവന് ഭീഷണിയില്ലാത്തതും എന്നാൽ അടിയന്തര ശ്രദ്ധ ആവശ്യമുള്ളതുമായ പരിക്കുകൾക്കും അസുഖങ്ങൾക്കും ഇവിടെ ചികിത്സ ലഭിക്കും.
ഉളുക്ക്, പൊള്ളൽ, മുറിവുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. എങ്കിലും ഗുരുതരമായ അടിയന്തര സാഹചര്യങ്ങളിൽ രോഗികൾ എ ആൻഡ് ഇ വിഭാഗത്തെയോ 999 സേവനത്തെയോ ആശ്രയിക്കണമെന്ന് എൻഎച്ച്എസ് നിർദേശിക്കുന്നു.
ESNEFT ചീഫ് എക്സിക്യൂട്ടീവ് പോൾ സ്കോട്ട് കൗൺസിൽ പ്രതിനിധികളെ ആശുപത്രിയിലേക്ക് സ്വാഗതം ചെയ്തു. കൗൺസിലിന്റെ സാമ്പത്തിക സഹായം ആധുനികവും ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തതുമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിർണായകമായെന്നും രോഗികൾക്ക് ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് മികച്ച ചികിത്സ ഉറപ്പാക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലാക്ടൺ, ജെയ്വിക് സാൻഡ്സ് മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിപുലമായ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി നവീകരണവും നടപ്പാക്കുന്നത്.
ഈ പദ്ധതിയിലൂടെ പ്രദേശവാസികൾക്ക് ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനും പ്രാദേശികമായി കൂടുതൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്.