ചണ്ഡിഗഡ്: ഹരിയാനയിലെ റേവാരിയിൽ ബൈക്ക് നന്നാക്കാനെത്തിയ യുവാവ് വെടിയേറ്റ് മരിച്ചു. ജസ്വന്ത് സിംഗിന്റെ മകൻ മനോജാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ബൈക്ക് നന്നാക്കാനായി ഗോകൽഗഡിലുള്ള വർക്ക്ഷോപ്പിൽ എത്തിയതായിരുന്നു മനോജ്. ഈ സമയം ബൈക്കിലെത്തിയ മൂന്നംഗ സംഘം മനോജുമായി തർക്കിക്കുകയും സംഘത്തിലൊരാൾ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അദ്ദേഹത്തിന്റെ വയറ്റിൽ വെടിവയ്ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് തന്നെയാണ് അമ്മയെയും സുഹൃത്ത് അഭിഷേകിനെയും വിളിച്ച് വെടിയേറ്റ വിവരം അറിയിച്ചത്. സുഹൃത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കൊല്ലപ്പെട്ട മനോജിന്റെ പിതാവ് ജസ്വന്ത് സിംഗിന്റെ പരാതിയിൽ പൊലിസ് കേസെടുത്തു. മവീന്ദ്ര, വിശാൽ, മഹേഷ് എന്നിവരാണ് പ്രതികളെന്ന് പരാതിയിൽ പറയുന്നു. ഇതിൽ മവീന്ദ്രയാണ് വെടിയുതിർത്തതെന്നും മറ്റുള്ളവർ ഒപ്പമുണ്ടായിരുന്നെന്നും പിതാവ് വ്യക്തമാക്കി. പ്രതികൾക്കെതിരെ നേരത്തെയും വിവിധ കേസുകൾ നിലവിലുണ്ട്.
പ്രതികളെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലിസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.