കല്‍പ്പറ്റ: നാളികേര വികസന ബോര്‍ഡ് നടപ്പാക്കുന്ന തെങ്ങ് പുതുക്കൃഷി പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള സഹായധനം വര്‍ധിപ്പിച്ചു. തെങ്ങിന്‍തൈ ഒന്നിന് ഇനി 350 രൂപ വരെ സഹായധനം ലഭിക്കും. നിലവില്‍ ഇത് 40 രൂപ വരെയാണ്.
കൃഷിയിടങ്ങളില്‍ തുറസായ സ്ഥലത്ത് പുതിയ തെങ്ങിന് തൈകള്‍ ശാസ്ത്രീയമായി നട്ട് കൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. ഒരു ഹെക്ടറില്‍ പുതുക്കൃഷിക്ക് 28,000 രൂപ വീതമുള്ള രണ്ടു തുല്യ വാര്‍ഷിക ഗഡുക്കളായി 56,000 രൂപ വരെ സഹായധനം ലഭിക്കും.
പരമാവധി രണ്ടു ഹെക്ടറിനു ഈ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 20 സെന്റ് സ്ഥലത്ത് 10 തെങ്ങിന്തൈകളെങ്കിലും പുതുതായി നടുന്നവര്‍ക്കും സഹായധനത്തിന് അര്‍ഹതയുണ്ട്. നിലവിലുള്ള തോട്ടങ്ങളില്‍ അടിത്തൈ നടുന്നതിന് ആനുകൂല്യം ബാധകമല്ല.
തൈകള്‍ നട്ടതിനുശേഷം നിര്‍ദിഷ്ട ഫോമില്‍ അതത് കൃഷിഭവന് മുഖേന അപേക്ഷ സമര്‍പ്പിക്കണം.ഗുണമേന്മയുള്ളതും അത്യുത്പാദന ശേഷിയുള്ളതുമായ തെങ്ങിന്‍തൈകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് നാളികേര നഴ്സറി പദ്ധതിയും ബോര്‍ഡ് നടപ്പാക്കുന്നുണ്ട്.
25 സെന്റ് സ്ഥലത്ത് 10,000 വിത്തുതേങ്ങ പാകി 6,250 തൈകള്‍ ഉത്പാദിപ്പിക്കുന്ന ചെറിയ നഴ്സറികള്‍ക്ക് ആകെ ചെലവിന്റെ 50 ശതമാനം(പരമാവധി 2,81,250 രൂപ) സഹായധനം ലഭിക്കും.
പരമാവധി ഒരു ഏക്കറില്‍ 25,000 തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും സഹായധനം അനുവദിക്കും. ഒരു തൈയ്ക്ക് 45 രൂപ വീതമാണ് സഹായധനം.
പദ്ധതികളുടെ വിശദവിവരങ്ങളും അപേക്ഷാഫോമുകളും നാളികേര വികസന ബോര്‍ഡിന്റെ https://coconutboard.gov.in/. വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരത്തിന് ബോര്‍ഡിന്റെ ഡെവലപ്മെന്റ് സെക്ഷനുമായി ബന്ധപ്പെടാം. ഫോണ്‍: 0484 23777266, 0484 23777267.