നെടുമങ്ങാട് : ആര്യനാട്-നെ ടുമങ്ങാട് റൂട്ടിലെ കാരനാട് ജംഗ്ഷനിൽ യാത്രക്കാരുടെ സൗകര്യാർഥം പണിത രണ്ടു വിശ്രമകേന്ദ്രങ്ങളുണ്ട്. ആര്യനാട് ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേയ്ക്കുമുള്ള യാത്രക്കാർക്കു മഴയും വെയിലുമേൽക്കാതെ ബസ് കാത്തു നിൽക്കുന്നതിനും വിശ്രമിക്കുന്നതിനും ഒരു പതിറ്റാണ്ടു മുമ്പു നിർമിച്ചതാണ് ഈ വെയ്റ്റിംഗ് ഷെഡുകൾ.
യഥാസമയം ശുചീകരിക്കാതെ വൃത്തിഹീനമായ നെടുമങ്ങാട് റൂട്ടിലെ വിശ്രമകേന്ദ്രം യാത്രക്കാർ കൈയൊഴിഞ്ഞിട്ട് ഏറെക്കാലമായി.യാത്രക്കാർ ഇതിനുള്ളിൽ പ്രവേശിക്കാറിേയില്ല. അതുകൊണ്ടുതന്നെ, ബസുകൾ ഇതിനു മുന്നിൽ നിറുത്താറുമില്ല. ഈ ബസ് സ്റ്റോപ്പിൽനിന്ന് അഞ്ചു മീറ്ററോളം മാറി പൊതുനിരത്തിലാണ് യാത്രക്കാർ ബസ് കയറുന്നതും ഇറങ്ങുന്നതും.
യാത്രക്കാർ ഉപേക്ഷിച്ച ഈ കാത്തിരിപ്പുകേന്ദ്രം മാലിന്യനിക്ഷേപത്തിനുള്ള ഇടമായി മാറിക്കഴിഞ്ഞു. ചക്രപാണിപുരം എസ്എൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും ഉപകാരപ്പെടേണ്ട ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഉപയോഗ ശൂന്യമായത്. കാലപ്പഴക്കത്താൽ തറയും മേൽക്കൂരയും സുരക്ഷാ ഭീതിയിലുമാണ്.
ആര്യനാട് ഭാഗത്തേക്കുള്ള റൂട്ടിലെ വിശ്രമകേന്ദ്രം നാട്ടുകാർ ഉപയോഗിക്കുന്നുണ്ടെങ്കിലും ബലക്ഷയം ആശങ്കപ്പെടുത്തുന്നുണ്ട്. ഉഴമലയ്ക്കൽ ഗപഞ്ചായത്തിലെ മഞ്ചംമൂല വാർഡ് പരിധിയിലാണ് കാരനാട് ജംഗ്ഷൻ. വിശ്രമകേന്ദ്രങ്ങളുടെ ശുചീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.