ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചതിനു പിന്നാലെ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെയോടെയാണ് അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചത്. എന്നാൽ അക്കൗണ്ട് പിന്നീട് പൂർവസ്ഥിതിയിലായതായി സിജെപി സ്ഥിരീകരിച്ചു.
സ്വാതന്ത്ര്യദിനത്തിൽതന്നെ തങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് എതിരാളികൾ ശ്രമിച്ചതെന്ന് സിജെപി കുറ്റപ്പെടുത്തി. ഇത്തരം പ്രവൃത്തികൾകൊണ്ട് തങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സിജെപി അടുത്തിടെ സർക്കാർ സ്കൂളുകളുടെ അവസ്ഥ, തൊഴിലില്ലായ്മ, മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്.