കൊല്ലങ്കോട്: പൊക്കുന്നിയിൽ സ്വകാര്യബസ് മറിഞ്ഞ് തകർന്ന പാലത്തിന്റെ കൈവരി പുനഃസ്ഥാപിച്ചു. ആറുമാസംമുന്പാണ് കനാലിൽ വെള്ളമുള്ള സമയത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് കനാലിൽ മറിഞ്ഞത്. ഇതിനകത്തുണ്ടായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റിരുന്നു.
സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്ന യുവാക്കളും നാട്ടുകാരും കനാലിൽ വീണ ബസിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കൈവരി തകർന്ന പാലത്തിലുടെ വാഹനയാത്ര അപകടഭീഷണിയാവുന്നതായി ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കഴിഞ്ഞദിവസം പാലത്തിന്റെ കൈവരി പുനഃസ്ഥാപിച്ചു.
എന്നാൽ സ്വകാര്യബസ്, ചരക്കുലോറികൾ ഉൾപ്പെടെ സഞ്ചാരം തുടങ്ങിയതോടെ വീതികുറഞ്ഞ പാലം കടക്കുന്നത് ഏറെ ശ്രമകരമായിരിക്കുകയാണ്. ഇരുവശത്തും വാഹനങ്ങൾ എത്തിയാൽ മറികടക്കാൻ ഏറേസമയം വേണ്ടിവരും. പാലം പൂർണമായും പൊളിച്ച് വീതികൂട്ടി പുനർനിർമിക്കണമെന്നതാണ് യാത്രക്കാരുടേയും നാട്ടുകാരുടേയും ആവശ്യം.
Tags : restored Nattuvishesham district news