ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.