ന്യൂഡൽഹി: ഡിസംബറിൽ ബംഗ്ലാദേശിലേക്കു മടങ്ങുമെന്ന് ഷെയ്ഖ് ഹസീന. വെർച്വലായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2024 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്കു രക്ഷപ്പെട്ടശേഷം ആദ്യമായാണു ഹസീന മാധ്യമങ്ങളുമായി സംസാരിച്ചത്.
‘എന്റെ മടക്കം അധികാരത്തിനുവേണ്ടിയല്ല. ബംഗ്ലാദേശിനെ വികസനത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലേക്കു കൊണ്ടുവരാനാണ്. അവർ എന്നെ ജയിലിലടയ്ക്കുകയോ കൊല്ലുകയോ ചെയ്തേക്കാമെന്ന് എനിക്കറിയാം. എന്റെ ജനങ്ങൾക്കൊപ്പം കഴിയാനാണു ഞാൻ തിരികെ പോകുന്നത്.ഇന്ത്യ എല്ലായ്പ്പോഴും ബംഗ്ലാദേശിന്റെ ഉറ്റ സുഹൃത്താണ്’- ഹസീന പറഞ്ഞു.ബംഗ്ലാദേശിലെ സ്ഥിതി അത്യന്തം ഗുരുതരമാണെന്നും ഷേഖ് ഹസീന കൂട്ടിച്ചേർത്തു.
ഷേഖ് ഹസീനയുടെ ഓണ്‍ലൈന്‍ പരിപാടിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അല്‍ ഹസനും പങ്കെടുത്തു. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ എംപിയായിരുന്നു ഷക്കീബ്. ഹസീനയ്ക്ക് അധികാരം നഷ്ടമായതോടെ ഷക്കീബ് വിദേശത്തേക്കു മാറുകയായിരുന്നു.
വിദ്യാർഥിപ്രക്ഷോഭത്തെത്തുടർന്നാണ് ഹസീനയ്ക്ക് അധികാരം നഷ്ടമായത്. പിന്നീട് അവർ ഇന്ത്യയിലാണു കഴിഞ്ഞത്. കഴിഞ്ഞ വർഷം നവംബറിൽ ഹസീനയെ ധാക്കയിലെ സ്പെഷൽ ട്രൈബ്യൂണൽ വധശിക്ഷയ്ക്കു വിധിച്ചു.