ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നും സഭാ കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഭദ്രാസനത്തിൽ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ് സഭയുടെ പരമോന്നത സമിതിയായ സഭാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
റവ. ബിജു പി. സൈമൺ (വികാരി, സെന്റ് ജോൺസ് മാർത്തോമ്മ ഇടവക, ന്യൂയോർക്ക്), ഷെലിൻ അന്നാ ജോൺ വർഗീസ് (മണ്ഡലം മെമ്പർ, ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമ്മ ചർച്ച്), ഈപ്പൻ ഡാനിയൽ (ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ചർച്ച്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വൈകുന്നേരമാണ് വോട്ടെടുപ്പ് പൂർത്തിയായതും ഫലപ്രഖ്യാപനം നടന്നതും. നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള തൊണ്ണൂറോളം മണ്ഡലാംഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തു. വളരെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് സ്ഥാനാർഥികൾ വിജയം കൈവരിച്ചത്.
വിജയിച്ച സ്ഥാനാർഥികളെ ഭദ്രാസന എപ്പിസ്കോപ്പ ഡോ. എബ്രഹാം മാർ പൗലോസ് നേരിട്ട് അഭിനന്ദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ സേവനങ്ങളും പ്രവർത്തനങ്ങളും സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് മുതൽക്കൂട്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.