ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത അനുയായിയെന്ന് അവകാശപ്പെടുന്ന വ്യക്തി ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് അനാവശ്യമായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി വനിതാ സംരംഭക രംഗത്ത്. ഹൈദരാബാദ് ആസ്ഥാനമായുള്ള 'മിഥുന ആഡ്സ്' ഉടമ കെ. ശോഭ റെഡ്ഡിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ മുഖ്യമന്ത്രിയെ നേരിട്ട് അഭിസംബോധന ചെയ്ത് ആരോപണമുന്നയിച്ചത്.
പരസ്യ വ്യവസായ മേഖലയിലെ ബിസിനസ് പ്രശ്നങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് ശോഭ റെഡ്ഡി കുറിച്ചു. 'തീര്‍പ്പാക്കാത്ത ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരിട്ട് ഗസ്റ്റ് ഹൗസിലേക്ക് വരാനാണ് എന്നോട് ആവശ്യപ്പെട്ടത്. ' ശോഭ റെഡ്ഡി വ്യക്തമാക്കി. ആരുടെയും പേര് എടുത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രത്യേക ആനുകൂല്യങ്ങളല്ല, മറിച്ച് തുല്യ പരിഗണനയും മാന്യതയുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം തെലങ്കാനയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. വിഷയം ഏറ്റെടുത്ത പ്രതിപക്ഷ പാര്‍ട്ടിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സഹായി ആരാണെന്നും ഒരു വനിതാ സംരംഭകയോട് എന്തുകൊണ്ടാണ് ഗസ്റ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടതെന്നും ബിആര്‍എസ് നേതാവ് എം. കൃഷാങ്ക് ചോദിച്ചു. എന്നാല്‍, സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.