ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ വസ്ത്രവ്യാപാര കേന്ദ്രത്തിൽ തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കടയിൽ മുമ്പ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വിനോദ് പണ്ഡിറ്റ് സാവ്ലെ എന്ന യുവാവാണ് 24 കോടി രൂപയുടെ തുണിത്തരങ്ങൾക്ക് തീയിട്ടതിന് പിടിയിലായത്. വിനോദിന് ലഭിക്കാനുള്ള 10,000 രൂപ ശമ്പളം കടയുടമ നൽകാത്തതിന്റെ പ്രതികാരത്തെ തുടർന്നാണ് ഇയാൾ കടയ്ക്ക് തീയിട്ടത്.
സെപ്റ്റംബർ എട്ടിന് രാത്രിയിലാണ് സൂറത്തിലെ ശ്യാം സംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. തുടക്കത്തിൽ ഇതൊരു അപകടമാണെന്നാണ് കരുതിയതെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദാണ് തീപിടിത്തത്തിന് പിന്നിലെന്ന് പൊലിസ് സ്ഥിരീകരിച്ചു.
കടയിലെ അക്കൗണ്ട് ജോലികൾ ശരിയായി ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ ഇയാൾ ജോലി ഉപേക്ഷിച്ചിരുന്നു. വിനോദിന്റെ ശമ്പളത്തിന്റെ ബാക്കിയായ 10,000 രൂപ കടയുടമ കൊടുക്കാതിരുന്നതിനെ തുടർന്ന് ഇത് ചോദിച്ചപ്പോൾ അപമാനിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് വിനോദ് മൊഴി നൽകി.
കടയുടെ സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 150 രൂപയ്ക്ക് പെട്രോൾ വാങ്ങിയ പ്രതി, രാത്രി ഒമ്പതിന് മാർക്കറ്റിൽ പ്രവേശിക്കുകയും അഞ്ചാം നിലയിലെ ഗോവണിപ്പടിക്ക് സമീപം ഒളിച്ചിരിക്കുകയും ചെയ്തു. രാത്രി 12:30 ന് മാർക്കറ്റിൽ ആളൊഴിഞ്ഞ സമയത്ത് കടയുടെ മുന്നിലെ തുണി കെട്ടുകളിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
തുണിത്തരങ്ങളും പാക്കിംഗ് സാമഗ്രികളും ധാരാളമുണ്ടായിരുന്നതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയും 14 കടകൾ പൂർണമായി കത്തിനശിക്കുകയും ചെയ്തു. ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങളാണ് കത്തി നശിച്ചത്.
സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം രാജസ്ഥാനിലേക്കും തുടർന്ന് അയോധ്യയിലേക്കും ഒളിവിൽ പോയി. പിന്നീട് സൂറത്തിൽ തിരിച്ചെത്തിയ ഇയാളെ ക്രൈം ബ്രാഞ്ച് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.