ദുബായ്: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന് നേതൃത്വത്തില്‍ കടുത്ത ഭിന്നതയെന്നു റിപ്പോര്‍ട്ട്. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ഗൾഫ് രാജ്യങ്ങളോടു ക്ഷമാപണം നടത്തിയതും ഇനി ആക്രമിക്കില്ലെന്നു പ്രഖ്യാപനം നടത്തിയതും പ്രബലമായ റവലൂഷണറി ഗാര്‍ഡിന്റ രൂക്ഷമായ എതിര്‍പ്പിനിടയാക്കി. ഇതോടൈ പെസെഷ്കിയാന് പ്രസ്താവന തിരുത്തി രംഗത്തെത്തി.
മധ്യേഷ്യയിൽ ആക്രമണം കടുപ്പിക്കുമെന്നായിരുന്നു ഇന്നലെ പെസെഷ്കിയാന്റെ മുന്നറിയിപ്പ്. മേഖലയിലെ ചില രാജ്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ശത്രുവിന്റെ കൈകളിലാണെന്നും ഈ രാജ്യങ്ങളിലേക്ക് ആക്രമണം തുടരുമെന്നും ഇറാൻ ജുഡീഷറി തലവൻ ഗുലാം ഹുസൈൻ മൊഹ്സേനി-ഇജേയി എക്സിൽ കുറിച്ചു.
സൗദിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു മരണം
ഇന്നലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന് രൂക്ഷമായ ആക്രമണം നടത്തി. സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. യുഎഇക്കു നേർക്ക് ഇറാൻ തൊടുത്ത 16 മിസൈലുകളും 117 ഡ്രോണുകളും പ്രതിരോധിച്ചു. ദുബായിൽ ഡ്രോൺ അവശിഷ്ടം പതിച്ച് പാക്കിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. ദുബായിൽ ഇതുവരെ കൊല്ലപ്പെട്ടത് രണ്ടു പാക്കിസ്ഥാൻകാരാണ്. ബഹറിനിലും ഇറാന്റെ കടുത്ത ആക്രമണമുണ്ടായി.
ബഹറിനിലെ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് ആക്രമിക്കപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധനടാങ്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനവും ആക്രമിച്ചു. കുവൈറ്റിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
ഇറാനിലേക്ക് ഇന്നലെ ഇസ്രേലി സേന കനത്ത ആക്രമണം നടത്തി. രാജ്യമൊട്ടാകെ 10,000 സിവിലിയൻ കെട്ടിടങ്ങൾ തകർക്കപ്പെട്ടുവെന്ന് ഇറേനിയൻ റെഡ് ക്രസന്റ് അറിയിച്ചു.
ലബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിൽ 83 കുട്ടികളും 82 സ്ത്രീകളും അടക്കം 400 പേർ മരിച്ചെന്ന് ലബനീസ് ആരോഗ്യ മന്ത്രി പറഞ്ഞു. നാലു ലക്ഷം പേർ പലായനം ചെയ്തു. തെക്കൻ ലബനനിൽ തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രേലി സേന അറിയിച്ചു.
ടെഹ്റാനിലേക്ക് ഇസ്രേലി ബോംബ്വർഷം
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ഇന്നലെ ഇസ്രേലി സേന നടത്തിയ ബോംബ് വർഷത്തിൽ വൻ നാശമുണ്ടായി. എണ്ണ റിഫൈനറികൾക്കു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് ടെഹ്റാനിൽ പുകപടലം നിറഞ്ഞു.
യുഎസ് ആക്രമണത്തിൽ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് തകർന്നെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിലെ പ്ലാന്റിനു നേർക്കായിരുന്നു ആക്രമണം. 30 ഗ്രാമങ്ങളിലെ ജനങ്ങൾക്കു കുടിവെള്ളം ലഭ്യമല്ലാതായി.
അടുത്ത ഘട്ടം യുദ്ധത്തിൽ നിരവധി വിസ്മയങ്ങളുണ്ടാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.