കീർത്തി സുരേഷ് നായികയായ റിവോൾവർ റീത്ത ഒടിടിയിലെത്തി. സിനിമ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. കീർത്തി സുരേഷിന്റെ 2025ലെ ആദ്യ തമിഴ് ചിത്രമായ റിവോൾവർ നവംബർ 28 നാണ് തീയറ്ററുകളിലെത്തിയത്.
ജെ. കെ ചന്ദ്രു സംവിധാനം ചെയ്ത ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ലഭ്യമാണ്. പോണ്ടിചേരി പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം കോമഡി ക്രൈം ത്രില്ലറാണ്. കരുത്തുറ്റ സ്ത്രീ കഥാപാത്രത്തെയാണ് സിനിമയിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്.
സിനിമ റിലീസ് ചെയ്ത ആദ്യ ദിനം തമിഴ്നാട്ടിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി ഏകദേശം ഒന്ന് മുതൽ 1.5 കോടി രൂപ വരെയാണ് നേടിയത്. റിപ്പോർട്ടുകൾ പ്രകാരം, സിനിമയുടെ ആകെ കലക്ഷൻ 8 - 10 കോടി രൂപക്ക് അടുത്താണ്. ഒരു മിഡ്-ബജറ്റ് സിനിമ എന്ന നിലയിൽ ഇത് മോശമല്ലാത്ത പ്രകടനമാണെങ്കിലും വലിയ ഹിറ്റായി മാറാൻ ചിത്രത്തിന് സാധിച്ചില്ല.
രാധിക ശരത്കുമാർ, സുനിൽ, റെഡിൻ കിംഗ്സ്ലി, മൈം ഗോപി, സെന്ദ്രയൻ, സൂപ്പർ സുബ്ബരായൻ, ജോൺ വിജയ്, അജയ് ഘോഷ് എന്നിവരാണ് മറ്റ് അഭിനയതാക്കൾ.
വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, മാനാട് എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ സംവിധായകൻ എന്ന നിലയിലുള്ള ആദ്യചിത്രം കൂടിയാണ് റിവോൾവർ റീത്ത.
ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഷോൺ റോൾഡനാണ്.