കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന റിവോൾവർ റീറ്റ എന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. തോക്കെടുത്ത് ഗംഭീര ആക്ഷൻ സീക്വൻസുകളുമായി കളം നിറയുന്ന കീർത്തി സുരേഷിനെയാണ് ട്രെയിലറിൽ കാണാനാവുക.
ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് വേറിട്ട പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കോമഡിയും ആക്ഷനും ചേരുന്ന രസകരമായ കോംബിനേഷനിലാണ് കീർത്തിയുടെ കഥാപാത്രം.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് മഹാനടിയിലൂടെ തെളിയിച്ച കീർത്തിയ്ക്ക് റിവോൾവർ റിറ്റയിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും.
വിജയ് നായകനായെത്തിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, മാനാട് എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ സംവിധായകൻ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് റിവോൾവർ റിറ്റ. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും, പ്രവീൺ കെ. എൽ. എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.