ആംബുലൻസും കൃത്യമായ റോഡുമില്ലാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ റേവ ജില്ലയിൽ രോഗിയായ ഗോത്രവർഗ സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന ദാരുണ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
ചെളിനിറഞ്ഞ കാട്ടുപാതയിലൂടെ ഗ്രാമവാസികൾ കിലോമീറ്ററുകളോളം ഇവരെ ചുമലിലേറ്റി ഓടിയെങ്കിലും, ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ ആ സ്ത്രീ മരണത്തിന് കീഴടങ്ങി.
ഗ്രാമവാസികളുടെ ഈ ദുസഹമായ യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ ദുരന്തം നടന്നതെന്നത് ജനരോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.
ഗ്രാമീണ-ഗോത്ര മേഖലകളിൽ അടിസ്ഥാന റോഡ് സൗകര്യങ്ങളോ അടിയന്തര വൈദ്യസഹായമോ ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് കാണിച്ച് വലിയ രാഷ്ട്രീയ വിമർശനവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും, സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.