കോട്ടയം: കാലിത്തീറ്റ വില വീണ്ടും ഉയര്‍ന്നതോടെ ക്ഷീരകര്‍ഷകര്‍ ദുരിതക്കയത്തില്‍. ഇന്നലെ മുതല്‍ കെഎസ് കാലിത്തീറ്റയുടെ എല്ലാ വിഭാഗങ്ങള്‍ക്കും 50 രൂപ വീതം വര്‍ധിപ്പിച്ചു.
കെഎസ് പുഷ്ടിമ (20 കിലോഗ്രാം) 620 രൂപ, കെഎസ് പുഷ്ടിമ (50 കിലോഗ്രാം) 1490 രൂപ, കെഎസ് ഡീലക്സ് പ്ലസ് പെല്ലറ്റ്സ് (50 കിലോഗ്രാം) 1595 രൂപ, കെഎസ് സുപ്രീം പെല്ലറ്റ്സ് ( 50 കിലോഗ്രാം) 1750 രൂപ, കെഎസ് ഹൈപ്രോ (50 കിലോഗ്രാം) 1915 രൂപ എന്നിങ്ങനെ പുതിയ വിലവിവരം.
കഴിഞ്ഞ സെപ്റ്റംബര്‍ 17നു കെഎസ് ഡീലക്സ് പ്ലസ് പെല്ലറ്റ്സ്, കെഎസ് സുപ്രീം പെല്ലറ്റ്സ് എന്നിവയ്ക്കു 50 രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഇന്നലെയും വില വര്‍ധിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ പശുക്കള്‍ക്കു നല്കുന്നതു ഡീലക്സ് പ്ലസ് പെല്ലറ്റ്സും സുപ്രീം പെല്ലറ്റ്സുമാണ്.
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് കാലിത്തീറ്റയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില വര്‍ധിപ്പിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
കേരള ഫീഡ്സിന്റെ ഡെയറി റിച്ച് പ്ലസ് (50 കിലോഗ്രാം) 1644 രൂപയും എലൈറ്റിന് 1540 രൂപയും മിടുക്കിക്ക് 1285 രൂപയുമാണ് വില. ഉല്പാദനച്ചെലവ് ക്രമാതീതമായി വര്‍ധിച്ചതോടെ കര്‍ഷകര്‍ ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യത്തില്‍ കാലിത്തീറ്റ വിലവര്‍ധനയുടെ ഭാരം കര്‍ഷകര്‍ക്കു താങ്ങാന്‍ സാധിക്കില്ല. പശുവളര്‍ത്തലില്‍ ചെലവിന്റെ 60 മുതല്‍ 70 ശതമാനവും കാലിത്തീറ്റയ്ക്ക് നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
ചോളത്തിന്റെ വില ഉയര്‍ന്നു
കാലിത്തീറ്റയിലെ പ്രധാന ചേരുവയായ ചോളത്തിന്റെ വില ഏതാനും നാളുകള്‍ക്കിടെ ടണ്ണിന് 14,000 രൂപയില്‍നിന്ന് 26,500 രൂപയായി കുതിച്ചുയര്‍ന്നു. ഇതിനു പുറമെ ചോളം ആവശ്യത്തിനു കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്. ഇതാണ് കാലിത്തീറ്റയുടെ വിലവര്‍ധനയ്ക്കു കാരണമാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
എഥനോള്‍ നിര്‍മാണത്തിനായി കരിമ്പിനു പുറമെ ചോളം, സോയാബീന്‍, മറ്റു ധാന്യങ്ങള്‍ എന്നിവയാണ് വന്‍തോതില്‍ ഉപയോഗിക്കുന്നത്. ഇതും ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന കമ്പനികളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കുന്നതിനും കര്‍ഷകര്‍ക്ക് നേരിട്ട് സബ്സിഡി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ക്ഷീരസംഘങ്ങള്‍ വഴി നല്കുന്ന സബ്സിഡി വര്‍ധിപ്പിക്കണം. ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കണമെന്നും ക്ഷീരമേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെടുന്നു.