പാലാ: റിവര്‍വ്യൂ റോഡ് പാലംപണി നിശ്ചലാവസ്ഥയില്‍ തുടരുന്നതില്‍ പാലായില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ റീത്തുവച്ചു പ്രതിഷേധിച്ചു. പാലായുടെ അഭിമാനപദ്ധതി എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതി എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആം അദ്മി പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചത്.
ടൗണിലെ വാഹന ഗതാഗതത്തിരക്ക് ഒഴിവാക്കി മീനച്ചിലാറിന്റെ സൗന്ദര്യം ആസ്വദിച്ചു കൊട്ടാരമാറ്റം വരെ യാത്ര സുഖകരമാക്കാന്‍ ആരംഭിച്ച റിവര്‍വ്യൂ റോഡിന്റെ പാലം നിര്‍മാണം പൂര്‍ത്തിയായെങ്കിലും തുടക്കവും അവസാന ഭാഗവും പണി പൂര്‍ത്തീകരിച്ചിട്ടില്ല. രണ്ടാം ഭാഗമായി തുടങ്ങിവച്ച നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചവരും ഭരണ-പ്രതിപക്ഷങ്ങളുടെ അവകാശത്തർക്കങ്ങളും സാമൂഹ്യപ്രതിബദ്ധത ഇല്ലായ്മ കൊണ്ടുമാണ് എട്ട് വര്‍ഷമായി പണിതീരാതെ കിടക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് ജോയി കളരിക്കല്‍, റോണി നെടുമ്പള്ളില്‍, രാജു താന്നിക്കല്‍, ജോസ് ചന്ദ്രത്തില്, ജയേഷ് പി. ജോര്‍ജ്, സണ്ണി മുതലക്കുഴി, തോമസ് മാധവത്ത്, ബിനു മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.