മൂവാറ്റുപുഴ: കീഴില്ലം - മാനാറി റോഡ് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതോടെ പ്രദേശവാസികളുടെ യാത്ര ദുരിതപൂര്‍ണം. റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും അസാധ്യമായി. വര്‍ഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. ഭൂരിഭാഗം സ്ഥലങ്ങളിലും ടാറിംഗ് പൂര്‍ണമായും ഇളകിമാറി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി.
റോഡിന്റെ തകര്‍ച്ച കാരണം ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് വരാന്‍ മടിക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കിഴില്ലം -മാനാറി റോഡിന് നാലു കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ രായമംഗലം പഞ്ചായത്തിലുള്ള രണ്ടു കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്.
പായിപ്ര പഞ്ചായത്തിലൂടെയുള്ള രണ്ടു കിലോമീറ്റർ പഞ്ചായത്ത് റോഡാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഭാഗം നല്ല റോഡായി കിടക്കുമ്പോള്‍ പഞ്ചായത്തിന് കീഴിലുള്ള ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. കീഴില്ലം സെന്റ് തോമസ് ഹൈസ്ക്കൂള്, ആറളികാവ്, ത്രിവേണി പള്ളി എന്നിവിടങ്ങളിലേക്കു പോകുന്ന റോഡ് കൂടിയാണിത്.
പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.