അമ്പലത്തറ: പുല്ലൂർ-പെരിയ പഞ്ചായത്തിലെ കോട്ടപ്പാറയിൽനിന്ന് കൊടവലത്തേക്കുള്ള റോഡ് തകർച്ചയിൽ. ടാറിംഗ് ഇളകി കുഴികൾ നിറഞ്ഞുകിടന്നിരുന്ന റോഡിന്റെ റീ ടാറിംഗിന് ഒരുവർഷം മുമ്പ് ടെൻഡറായതായിരുന്നു. എന്നാൽ കരാറുകാരൻ പാതിവഴിയിൽ പണി നിർത്തിപ്പോയതാണ് പ്രശ്നമായത്.
ഇപ്പോൾ പടാങ്കോട് വളവിനു സമീപം റോഡിന്റെ പകുതി ഭാഗത്തു മാത്രമാണ് ടാറിംഗ് അവശേഷിക്കുന്നത്. മറ്റു പല ഭാഗങ്ങളിലും ആഴമേറിയ കുഴികളാണ്. കുഴികളിൽ വീഴാതെ വെട്ടിക്കുന്ന വാഹനങ്ങൾ വശങ്ങളിലെ താഴ്ചയിലേക്കു മറിഞ്ഞ് അപകടമുണ്ടാകാനും സാധ്യതയേറെയാണ്.
ഓവുചാൽ നിർമാണവും വശങ്ങളിലെ കോൺക്രീറ്റിംഗ് ജോലികളും മാത്രമാണ് കരാറുകാരൻ പൂർത്തിയാക്കിയത്. ടാറിംഗ് ജോലതുടങ്ങുന്നതിനുമുമ്പ് പണി നിർത്തിപ്പോവുകയായിരുന്നു. ടാറിന്റെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വിലക്കയറ്റമാണ് ഇതിനു കാരണമായി പറഞ്ഞത്. ടാറിന്റെ വില കൂട്ടിനൽകാതെ പണി തുടരാനാവില്ലെന്നാണ് നിലപാട്.
സ്കൂൾ ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ തകർച്ച പരിഹരിക്കാൻ എത്രയുംപെട്ടെന്ന് നടപടികളായില്ലെങ്കിൽ പ്രത്യക്ഷസമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.