പൊൻകുന്നം: മണ്ഡലകാലം ആരംഭിച്ച ശേഷവും കെവിഎംഎസ് - എരുമേലി റോഡിൽ റോഡ് അടയാളപ്പെടുത്തൽ തുടരുന്നതിൽ പ്രതിഷേധം ശക്തം. ശബരിമല തീർഥാടനത്തിലെ പ്രധാന പാതയാണിത്.
മൂന്ന് ദിവസം മുന്പാണ് എരുമേലി കുളത്തൂർമുഴിയിൽനിന്ന് പണി ആരംഭിച്ചത്. പൊൻകുന്നം വരെയാണ് അടയാളപ്പെടുത്തൽ നടക്കുന്നത്. ഇത് തീരണമെങ്കിൽ ഒരാഴ്ച വേണ്ടി വരും. റോഡിന്റെ നടുവിലെയും വശങ്ങളിലെയും ഇതോടൊപ്പം സീബ്രാലൈനും അടയാളപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്.
തിരക്കേറിയ പാതയിൽ ദിവസേന ആയിരക്കണക്കിന് ഇതരസംസ്ഥാന തീർഥാടന വാഹനങ്ങളാണ് കടന്നു പോകുന്നത്.
നിരവധി അപകട വളവുകളുള്ള റോഡാണിത്. വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ തൊഴിലാളികൾ ഭയപ്പാടോടെയാണ് ജോലി ചെയ്യുന്നത്. ഗതാഗതം ഉൾപ്പടെ തടസപ്പെടുകയും ചെയ്യുന്നു. തീർഥാടനം ആരംഭിച്ചിട്ടും പണി തീർക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.