മൂവാറ്റുപുഴ: പായിപ്ര, മാനാറി മേഖലയിലെ പ്ലൈവുഡ് കമ്പനികളിലേക്ക് അമിതഭാരം കയറ്റി വരുന്ന ലോറികളുടെ യാത്രമൂലം പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു.
ലോറിയുടെ പുറത്തേക്ക് തടികള്‍ തള്ളിനില്ക്കുന്ന രീതിയിലും അമിതഭാരവുമായാണ് നൂറുകണക്കിന് വാഹനങ്ങള്‍ പായിപ്ര, മാനാറി, ത്രിവേണി, മേതല എന്നിവിടങ്ങളിലെ കമ്പനികളിലേക്ക് എത്തുന്നത്. വിവിധ വെയ്ബ്രിഡ്ജുകളില്‍ തൂക്കം നോക്കി വില നിശ്ചയിച്ച ശേഷമാണ് വാഹനങ്ങള്‍ മേഖലയിലേക്ക് കടന്നുവരുന്നത്. തിരക്കേറിയ സമയത്തും സ്കൂള്‍ സമയത്തും തടി കയറ്റിയ വാഹനങ്ങളുടെ യാത്ര ഒഴിവാക്കണമെന്നും ചെറിയ റോഡുകളിലൂടെയുള്ള ഭാരവാഹന സഞ്ചാരം നിയന്ത്രിക്കണമെന്നും നിർദേശങ്ങളുണ്ടെങ്കിലും പ്ലൈവുഡ് കമ്പനികള്‍ ഇവയൊന്നും പാലിക്കാന്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രാവും പകലുമെന്നില്ലാതെ സ്കൂള്‍ സമയങ്ങളില്‍ പോലും അമിതഭാരവുമായി വാഹനങ്ങള്‍ ചീറിപ്പായുന്നത് പ്രദേശവാസികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
റോഡുകള്‍ തകരുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിനെതിരെ നാട്ടുകാരില്‍ നിന്ന് വ്യാപക പരാതി ഉയരുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മൈക്രോ സ്റ്റേഷന് സമീപത്ത് 41.5 ടണ്‍ ഭാരവുമായി എത്തിയ തടി ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്. തുടര്‍ന്ന് സമീപവാസിയായ ബീന പഴുകുടിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ലോറി തടഞ്ഞിട്ടു. സ്ഥലത്തെത്തിയ പൊലിസ് കമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും, നാട്ടുകാര്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് 26,500 രൂപ പിഴ ഈടാക്കി പ്രശ്നം ഒത്തുതീര്‍ക്കുകയാണ് ചെയ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. രാവിലെ സ്കൂള്‍ സമയത്തായതിനാല്‍ വാഹനം തടഞ്ഞിട്ടതോടെ സ്കൂള്‍ ബസുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കാതെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്ലൈവുഡ് കമ്പനി ഉടമകള്‍ മുന്നോട്ടുപോകുന്ന ധിക്കാരപരമായ സമീപനത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.