പാലാ: ജലാശയങ്ങളില്‍ നിന്ന് നാനോ- മൈക്രോ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തി നീക്കം ചെയ്യാനുള്ള റോബോട്ടിക് മത്സ്യം പ്ലാസ്റ്റിസ്-അക്വാക്ലീന്‍ ബോട്ട് ഡിസൈന്‍ ചെയ്തതിന് പാലാ അല്‍ഫോന്‍സ കോളജിലെ സുവോളജി റിസേര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റിന് ഇന്റര്‍നാഷണല്‍ പേറ്റന്റ് ലഭിച്ചു.
ഗവേഷക വിദ്യാര്‍ഥിനി സി. ജൂബിമോള് ജോര്‍ജിന്റെയും റിസേര്‍ച്ച് ഗൈഡ് ഡോ. സിമിമോള്‍ സെബാസ്റ്റ്യന്റെയും അധ്യാപകരായ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, ഡോ. സിനി സൂസന് ആന്റണി, ടീന ജെയിംസ്, റീമ റോസ് മാണി, അതുല്യ ആന്‍ഡ്രുസ് (അല്‍ഫോന്‍സാ കോളജ് പാലാ), ഡോ. ആന്‍ മേരി ജേക്കബ് (യു.സി. കോളജ് ആലുവ), ഡോ. ടി.ഗംഗ (ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് നാടുകാണി) എന്നിവരുടെയും നേതൃത്വത്തിലാണ് റോബോട്ടിക് ഫിഷ് മോഡല്‍ ഡിസൈന്‍ ചെയ്തത്.
യഥാര്‍ത്ഥ മത്സ്യങ്ങളുടെ നീന്തല്‍ ചലനവും ശരീരഘടനയും മാതൃകയാക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ നദികള്‍, തടാകങ്ങള്‍, റിസര്‍വോയറുകള്‍, അഴിമുഖങ്ങള്‍, കായലുകള്‍ എന്നിവയില്‍ സ്വയം നാവിഗേറ്റ് ചെയ്ത് സഞ്ചരിക്കാന്‍ ഇതിന് കഴിയും.
പരിസ്ഥിതി പുനസ്ഥാപനം, ജലജീവി സംരക്ഷണം,ജല ഗുണനിലവാര മാനേജ്മെന്റ് എന്നിവയ്ക്ക് ഇതിനു വലിയ സാധ്യതയുണ്ടെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു അറിയിച്ചു. പ്ലാസ്റ്റിക് സുസ്ഥിര വികസനത്തിനും ശുദ്ധജലത്തിനും വേണ്ടിയുള്ള ചുവടുവയ്പാണെന്ന് കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലിലും പറഞ്ഞു.