ന്യൂയോർക്ക്: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും ന്യൂസിറ്റി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയുമായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയെ ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടി പ്രത്യേക ബഹുമതിയോടെ ആദരിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ ആത്മീയ, സാമൂഹിക, സാംസ്കാരിക സേവനങ്ങളെ മാനിച്ചാണ് അംഗീകാരം നൽകിയത്. റോക്ലാൻഡ് കൗണ്ടി സംഘടിപ്പിച്ച ഇന്ത്യൻ പൈതൃക മാസാചരണ ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.
കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ വന്ദ്യ ചട്ടത്തിൽ അച്ചനെ സദസിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ദീർഘകാല വൈദിക-സാമൂഹിക സേവനങ്ങളും സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകളും വിശദീകരിച്ചശേഷം സ്മാരകോപഹാരം സമ്മാനിച്ചു.
അമേരിക്കൻ ഇന്ത്യൻ സമൂഹത്തിന്റെ പൈതൃകവും സാമൂഹിക സംഭാവനകളും ആഘോഷിക്കുന്ന ചടങ്ങിലാണ് വന്ദ്യ ചട്ടത്തിൽ അച്ചനെ ആദരിച്ചത്.
യുവജന മാർഗനിർദേശം, കുടുംബ കൗൺസലിംഗ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമുദായ ഐക്യം, സുറിയാനി സഭയുടെ ആത്മീയ പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ സേവനങ്ങളാണ് അംഗീകാരത്തിന് പ്രധാനമായും പരിഗണിച്ചത്.
a
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽ വൈറ്റ് പ്ലെയിൻസ്, ആൽബനി, വെസ്റ്റ് നയാക്ക്, സ്റ്റാറ്റൻ ഐലൻഡ്, യോങ്കേഴ്സ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ ആത്മീയ നേതൃത്വം നൽകിയ അദ്ദേഹം നിലവിൽ ന്യൂ സിറ്റി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായും നാനുവെറ്റ് ദേവാലയത്തിന്റെ സഹവികാരിയായും സേവനമനുഷ്ഠിക്കുന്നു.
അതിഭദ്രാസന കൗൺസിൽ അംഗം, വൈദിക സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഭയ്ക്കും വിശ്വാസിസമൂഹത്തിനും നൽകിയ സംഭാവനകളെ മാനിച്ച് 2011 സെപ്റ്റംബർ 24-ന് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ അദ്ദേഹത്തെ കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തി.
1952 ഓഗസ്റ്റ് ഒമ്പതിന് കേരളത്തിൽ ജനിച്ച ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ 1974-ൽ വൈദികപട്ടം സ്വീകരിക്കുകയും 1976-ൽ ഔദ്യോഗിക വൈദിക ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയിൽ മുപ്പതിലധികം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ച അദ്ദേഹം യുവജന പരിശീലനം, കുടുംബശുശ്രൂഷ, മതപഠനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദേവാലയ നിർമാണം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ നേതൃത്വം നൽകി.
കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, വൈദിക സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം തൃക്കോതമംഗലം സെന്റ് മേരീസ് ബെത്ലഹേം ദേവാലയത്തിന്റെ നിർമാണം ഉൾപ്പെടെ നിരവധി പദ്ധതികളിൽ നിർണായക പങ്കുവഹിച്ചു.
ചടങ്ങിൽ ന്യൂസിറ്റി സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയ ഭാരവാഹികളും അതിഭദ്രാസന വൈദികരും കൗൺസിൽ അംഗങ്ങളും വിശ്വാസികളും സമൂഹത്തിലെ പ്രമുഖരും ചട്ടത്തിൽ അച്ചന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയും അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ യെൽദൊ മോർ തീത്തോസ് ആർച്ച്ബിഷപ്പും ചടങ്ങിനോടനുബന്ധിച്ച് ആശംസകൾ അറിയിച്ചു.
റോക്ലാൻഡ് കൗണ്ടിയുടെ ഈ അംഗീകാരം ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെ ദീർഘകാല ആത്മീയ-സാമൂഹിക സേവനങ്ങൾക്ക് ലഭിച്ച ശ്രദ്ധേയമായ അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
വ്യക്തിഗത ബഹുമതിക്കപ്പുറം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യത്തിനും വിശ്വാസിസമൂഹത്തിനും അദ്ദേഹം നൽകിയ സമർപ്പിത സേവനത്തിനുള്ള പൊതുസമൂഹത്തിന്റെ ആദരവുകൂടിയാണ് ഈ പുരസ്കാരം.