തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി തൃശൂരിൽ നടക്കുന്ന നീന്തൽ മത്സരങ്ങൾ മാറ്റിവച്ചു. അക്വാട്ടിക് കോംപ്ലക്സിൽ നിർമിച്ച മേൽക്കൂരയുടെ ഷീറ്റുകൾ കഴിഞ്ഞദിവസം രാത്രി കാറ്റിലും മഴയിലും തകർന്നുവീണു മത്സരാർഥികളടക്കം നിരവധിപ്പേർക്കു പരിക്കേറ്റതോടെയാണു മത്സരങ്ങൾ മാറ്റിയത്.
മന്ത്രിസഭയിൽനിന്നും വിദ്യാഭ്യാസവകുപ്പിൽനിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മണിക്കൂറോളം നടത്തിയ ചർച്ചകൾക്കൊടുവിലാണു തീരുമാനമെന്നു സംഘാടകർ പറഞ്ഞു. മത്സരവേദിയും തീയതിയും പിന്നീട് അറിയിക്കും.
പരിക്കേറ്റ വിദ്യാർഥികൾക്കുകൂടി പങ്കെടുക്കാവുന്ന തരത്തിലാകും മത്സരനടത്തിപ്പ്. എന്നാൽ, മുന്നറിയിപ്പില്ലാതെയാണു മത്സരം മാറ്റിയതെന്നാരോപിച്ചു രക്ഷിതാക്കളും മത്സരാർഥികളും പ്രതിഷേധിച്ചു.നീന്തൽ ചാന്പ്യൻഷിപ്പിന്റെ നടത്തിപ്പിൽ അടിമുടി പിഴവുണ്ടായി.
വേദിയിൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ല. ആംബുലൻസ് ഇല്ലാതിരുന്നതിനാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതു വൈകി. വിവിധ ജില്ലകളിൽനിന്ന് എത്തിയവർക്കു മതിയായ താമസസൗകര്യമോ ഭക്ഷണമോ ഒരുക്കിയില്ലെന്നും പരാതിയുണ്ട്.
മുൻ വർഷങ്ങളിൽ ഭക്ഷണവും താമസവും ഒരുക്കിയിരുന്നെങ്കിൽ ഇക്കുറി 150 രൂപവീതം നൽകുകയാണു ചെയ്തത്. വിവിധ ജില്ലകളിൽനിന്ന് എത്തിയവർക്ക് ഭക്ഷണത്തിനുപോലും തുക അപര്യാപ്തമാണെന്നും സംഘാടകരെപ്പോലും കണ്ടില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.