മാനന്തവാടി: സംസ്ഥാനത്തെ പ്രഥമ റൂറ്റാഗ് സ്മാർട്ട് സെന്റർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ക്യാന്പസിൽ പ്രവർത്തനം തുടങ്ങി. നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ്കുമാർ അനുമാല ഉദ്ഘാടനം ചെയ്തു. കൃഷിയിലും ഗ്രാമീണ ഉപജീവന മേഖലകളിലും ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നൂതന സംരംഭമായി റൂറ്റാഗ് സ്മാർട്ട് വില്ലേജ് സെന്റർ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് യോജ്യമായ സാങ്കേതികവിദ്യകൾ കണ്ടെത്തി പരിചയപ്പെടുത്തുന്നതിനും പ്രായോഗിക ഉപയോഗത്തിൽ പരിശീലനവും മാർഗനിർദേശവും നൽകുന്നതിനും കേന്ദ്രം ഉതകണം. ജൈവകൃഷി, മണ്ണിന്റെ ആരോഗ്യം, ജലസംരക്ഷണം, ജൈവവള നിർമാണം, ജൈവകീട നിയന്ത്രണം, വിള സംരക്ഷണം, വിളവെടുപ്പനന്തര പരിപാലനം, കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം, മൂല്യവർധന തുടങ്ങിയ മേഖലകളിൽ കർഷകർക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ലഭ്യമാക്കാൻ കേന്ദ്രത്തിന് സാധിക്കും.
ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ സാധാരണ കർഷകരുടെയും ഗ്രാമീണ കുടുംബങ്ങളുടെയും കൈകളിലെത്തിക്കാനും അവയുടെ പ്രായോഗിക ഉപയോഗം ഉറപ്പാക്കാനും ഇത്തരം കേന്ദ്രങ്ങൾക്ക് സാധിക്കണം. കർഷകരുടെ ഉത്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനൊപ്പം വനിതകൾക്കും യുവജനങ്ങൾക്കും പുതിയ സംരംഭകത്വ-തൊഴിൽ സാധ്യതകൾ തുറന്നുകൊടുക്കാൻ കേന്ദ്രം പ്രയോജനപ്പെടണമെന്നും നാഗേഷ്കുമാർ അനുമാല പറഞ്ഞു.
നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ വികസന മാനേജർ ആർ. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. അന്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം അസോസിയേറ്റ് പ്രഫസർ ഡോ.ദീപ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.പി. സുരേഷ്, എടവക കൃഷി ഓഫിസർ സുനിൽ, സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, ജോയിന്റ് ഡയറക്ടർ ഫാ.ജോണി കുന്നത്ത്, പ്രോഗ്രാം ഓഫിസർ പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു.
’കർഷക സേവാ കേന്ദ്രം’എന്ന നിലയിലാണ് ഡബ്ല്യുഎസ്എസ്എസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച റൂറ്റാഗ് സ്മാർട്ട് വില്ലേജ് സെന്റർ പ്രവർത്തിക്കുക. ജില്ലയിലെ പ്രധാന കാർഷിക വിളകളായ കാപ്പി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെ ഉത്പാദനം, സംസ്കരണം, ഗുണനിലവാര വർധനവ്, മൂല്യവർധനവ്, വിപണനം എന്നീ മേഖലകളിൽ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും.
വനിതാ സ്വയംസഹായ സംഘങ്ങളുടെ സംരംഭ വികസനം, ഭക്ഷ്യസംസ്കരണം, പാക്കേജിംഗ്, ഗ്രാമീണ യുവജനങ്ങളുടെ നൈപുണ്യവികസനം, ഡിജിറ്റൽ സേവനങ്ങൾ, പുനരുപയോഗ ഉൗർജം, ജലസുരക്ഷ, പ്രകൃതിവിഭവ പരിപാലനം, മാലിന്യ സംസ്കരണം, ഗോത്രസമൂഹങ്ങളുടെ ഉപജീവനമാർഗ വികസനം തുടങ്ങിയ മേഖലകളിലും കേന്ദ്രം പ്രവർത്തിക്കും. യോജ്യമായ സാങ്കേതികവിദ്യകളുടെ പ്രദർശനം, പരിശീലനം, സാങ്കേതിക മാർഗനിർദേശം, സംരംഭകത്വ പ്രോത്സാഹനം എന്നിവ ഇവിടെ ലഭ്യമാക്കും.