പത്തനംതിട്ട: പമ്പയിൽ നിന്നും ശബരിമലയിലേക്ക് ട്രാക്റ്റർ ഉപയോഗിച്ച് ചരക്ക് നീക്കം നടത്തുന്നതിലൂടെ പ്രതി വർഷം ലക്ഷങ്ങൾ ദേവസ്വം ബോർഡിന് ചെലവാകുമ്പോൾ ബദലായി വിഭാവന ചെയ്ത റോപ്പ് വേ സംവിധാനം നടപ്പാകാൻ ഇനിയും കാലതാമസം ഉണ്ടാകുമെന്ന് സൂചന. സീസണിൻ ഏറ്റവും അധികം ഭക്തർ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പൻ പാതയിലൂടെയാണ് കുത്തനെയുള്ള കയറ്റവും ഇറക്കവും വകവയ്ക്കാതെ ട്രാക്റ്ററുകൾ തലങ്ങും വിലങ്ങും പായുന്നത്. വൻ അപകടസാധ്യതയാണ് ഇത് വരുത്തി വയ്ക്കുന്നത്. കൂടാതെ നീലിമല, അപ്പാച്ചിമേട് കയറ്റം കയറുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്ന ഭക്തരെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കാൻ നിലവിൽ ഡോളി സൗകര്യം മാത്രമാണുള്ളത്.
റോപ്പ് വേ വന്നാൽ ചരക്കുനീക്കം സുഗമമാക്കുന്നതിനും രോഗികളെ ആയാസ രഹിതമായി യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിനും നിഷ്പ്രയാസം സാധിക്കും. എന്നാൽ പദ്ധതി നടപ്പാക്കാൻ നിരവധി തടസങ്ങളാണ് നിലവിലുള്ളത്.
വനം- റവന്യുതർക്കം
ശബരിമല റോപ്പ് വേ പദ്ധതി 2011-ൽ ആണ് വിഭാവന ചെയ്തത്. എന്നാൽ 15 വർഷം കഴിഞ്ഞിട്ടും പദ്ധതി പ്രാവർത്തികമായിട്ടില്ല. റവന്യു-വനം വകുപ്പുകൾ തമ്മിലുള്ള ഭൂമി തർക്കമാണ് പദ്ധതി അനിശ്ചിതമായി നീളാൻ കാരണം. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 250 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പക്കാൻ രൂപരേഖ തയാറാക്കിയത്. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുന്ന 4.5 ഹെക്ടറോളം വനഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. വനനിയമപ്രകാരം ഇതിന് പകരമായി വനംവകുപ്പിന് തുല്യമായ റവന്യു ഭൂമി നൽകണം.
എന്നാൽ ഇതിനായി റവന്യു വകുപ്പ് കണ്ടെത്തുന്ന ഭൂമികളെല്ലാം വനംവകുപ്പ് തള്ളിക്കളയുന്നതാണ് പ്രധാന തടസം. ആദ്യം ഇടുക്കിയിലെ കഞ്ഞിക്കുഴിയിൽ കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലെന്ന് കാട്ടി വനംവകുപ്പ് തടസവാദം ഉന്നയിച്ചിരുന്നു. തുടർന്ന് കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിൽപ്പെട്ട കട്ടിളപ്പാറയിലെ 4.5 ഹെക്ടർ ഭൂമി റവന്യു വകുപ്പ് നിർദേശിച്ചെങ്കിലും, ഇതും വന്യജീവി സങ്കേതത്തിനുള്ളിലെ വനഭൂമി തന്നെയാണെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
വനംവകുപ്പിന് കൈമാറേണ്ട പകരം ഭൂമിയുടെ കൃത്യമായ പട്ടയരേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ, കേന്ദ്ര കടുവ സംരക്ഷണ അഥോറിറ്റി , കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം എന്നിവയിൽ നിന്നുള്ള അന്തിമ ക്ലിയറൻസുകൾ വൈകുകയാണ്. ഇിന് പരിഹാരം കാണാൻ സംസ്ഥാ വനം വകുപ്പാണ് അടിയന്തര നടപടി സ്വീകരിക്കേണ്ടത്. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ റവന്യു-വനം വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്തതാണ് വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരാൻ കാരണ
പദ്ധതിക്ക് അനുമതി നൽകുന്നതിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെയും നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെയും ഉന്നതതല സംഘങ്ങൾ ശബരിമല സന്ദർശിച്ച് പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള ഫീൽഡ് ഇൻസ്പെഷൻ നടത്തിയിരുന്നു. തുടർന്ന്
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി ടവറുകളുടെ എണ്ണം അഞ്ചായി ചുരുക്കുകയും മുറിച്ചുമാറ്റേണ്ട മരങ്ങളുടെ എണ്ണം 80 ആയി നിജപ്പെടുത്തി പുതിയ രൂപരേഖ തയറാക്കുകയും ചെയ്തു. പമ്പ ഹിൽടോപ്പ് മുതൽ മാളികപ്പുറം ബാരക്ക് വരെയുള്ള 2.7 കിലോമീറ്റർ നീളത്തിലാണ് റോപ്വേ വിഭാവനം ചെയ്തിരിക്കുന്നത്.