പാലാ: അധ്യാപകദിനത്തോടനുബന്ധിച്ചു പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി പ്രഫ. റോയ് തോമസിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ റോയ് തോമസിന്റെ ഭവനത്തിലെത്തി മെമന്റോ സമ്മാനിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ആന്‍ മരിയ, പഞ്ചായത്തംഗം ജെറ്റോ ജോസ്, ലയണ്‍സ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, എംഇഎല്സിഎ പ്രസിഡന്റ് മനോജ് ബെഞ്ചമിന്‍, സെക്രട്ടറി സൂസന് വി. ജോര്‍ജ് എന്നിവരും പങ്കെടുത്തു.
വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാലമായി നല്കിയ സമഗ്രമായ സേവനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളുടെ അക്കാദമിക വളര്‍ച്ചയ്ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് ആദരം നല്‍കിയത്. അധ്യാപകദിനത്തില്‍ ലഭിച്ച ആദരം തന്റെ അധ്യാപന ജീവിതത്തിലെ വിലമതിക്കാനാവാത്ത അംഗീകാരമാണെന്നും, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രചോദനമാകുമെന്നും പ്രഫ. റോയ് തോമസ് പറഞ്ഞു.