ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിനെ 23 റൺസിനാണ് ബംഗളൂരു തോൽപ്പിച്ചത്.
ബംഗളൂരു ഉയർത്തിയ 223 റൺസ് പിന്തുടർന്ന പഞ്ചാബിന് 20 എട്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുക്കാനെ സാധിച്ചുള്ളു. ശശാങ്ക് സിംഗ് 56 റൺസും മാർകസ് സ്റ്റോയിനിസും കൂപ്പർ കോണോളിയും 37 റൺസ് വീതവും സൂര്യാൻഷ് ഷെഡ്ജെ 35 റൺസും എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ബംഗളൂരുവിന് വേണ്ടി രസിഖ് സലാം ധർ മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡും സുയാഷ് ശർമയും റൊമാരിയോ ഷെപ്പേർഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്തത്.സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും അർധ സെഞ്ചുറികളുടെയും ദേവ്ദത്ത് പടിക്കല്ലിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ആർസിബിയുടെ ടോസ്കോറർ. 40 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്ലി 58 റൺസും ദേവ്ദത്ത് പടിക്കൽ 45 റൺസും ടിം ഡേവിഡ് 28 റൺസുമെടുത്തു.
പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ആർസിബി ഈ സീസണിൽ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി. പരാജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി.