ഇന്ത്യൻ മോട്ടോർസൈക്കിൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇതിഹാസമായ "റോയൽ എൻഫീൽഡ് ബുള്ളറ്റ്’ ഇനി പുതിയ കരുത്തിൽ. ബുള്ളറ്റ് പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന "ബുള്ളറ്റ് 650’ ഒടുവിൽ ഇന്ത്യൻ വിപണിയിലെത്തി.
പതിറ്റാണ്ടുകളായി ഇന്ത്യൻ റോഡുകൾ ഭരിക്കുന്ന ബുള്ളറ്റിന്റെ സിഗ്നേച്ചർ ഗാംഭീര്യവും റോയൽ എൻഫീൽഡിന്റെ ജനപ്രിയമായ 650 സിസി പാരലൽ-ട്വിൻ എൻജിനും ഒത്തുചേരുന്ന വാഹനം വിന്റേജ് ശൈലിയും ആധുനിക പെർഫോമൻസും ആഗ്രഹിക്കുന്ന റൈഡർമാരുടെ സ്വപ്നസാക്ഷാത്കാരമാണ്.
ഇന്റർസെപ്റ്റർ, കോണ്ടിനന്റൽ ജിടി, സൂപ്പർ മെറ്റിയോർ, ഷോട്ട്ഗണ്‍, ക്ലാസിക് 650 എന്നിവയ്ക്കു ശേഷം റോയൽ എൻഫീൽഡിന്റെ ശക്തമായ 650 സിസി പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുന്ന ആറാമത്തെ മോഡലാണിത്.
രാജകീയ ഡിസൈനും വിന്റേജ് ലുക്കും
തലമുറകളായി ബുള്ളറ്റിനെ ജനപ്രിയമാക്കിയ അതേ ഐക്കണിക് ഡിസൈൻ ഭാഷ തന്നെയാണ് ബുള്ളറ്റ് 650ലും നിലനിർത്തിയിരിക്കുന്നത്. എന്നാൽ, വലുപ്പത്തിലും റോഡ് പ്രെസൻസിലും പുതിയ വാഹനം ഏറെ മുന്നിട്ടുനിൽക്കുന്നു. റോയൽ എൻഫീൽഡിന്റെ തനത് ശൈലിയിലുള്ള ഹെഡ്ലാംപ് കാസ്കറ്റും അതിനോട് ചേർന്നുള്ള പൈലറ്റ് ലാംപുകളും (ടൈഗർ ഐസ്) ഈ മോഡലിലുമുണ്ട്.
ബുള്ളറ്റിന്റെ ഏറ്റവും വലിയ സവിശേഷതയായ കൈകൊണ്ട് വരച്ച സ്വർണവരകളോട് (Hand painted pin stripes) കൂടിയ വലിയ ഇന്ധന ടാങ്ക് ഈ 650 സിസി മോഡലിനും ഒരു രാജകീയ ലുക്ക് നൽകുന്നു. ചക്രങ്ങളെ പൂർണമായി മൂടിനിൽക്കുന്ന പരന്പരാഗത ഫുൾ മെറ്റൽ ഫെൻഡറുകളും നീളമുള്ള സിംഗിൾ പീസ് സീറ്റും ഇരുവശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന ഇരട്ട ക്രോം എക്സ്ഹോസ്റ്റ് പൈപ്പുകളും ബൈക്കിന് മികച്ചൊരു റെട്രോ ലുക്ക് സമ്മാനിക്കുന്നു. പക്കാ വിന്റേജ് ഭംഗി നിലനിർത്താൻ മുൻവശത്തും പിൻവശത്തും ക്ലാസിക് സ്പോക്ക് വീലുകളാണ് നൽകിയിരിക്കുന്നത്.
ആധുനിക ഫീച്ചറുകൾ
വളരെ ലളിതവും മനോഹരവുമായ വൃത്താകൃതിയിലുള്ള ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്. ഇന്ധനത്തിന്റെ അളവ്, ട്രിപ്പ് മീറ്റർ, സമയം എന്നിവ ഇതിലൂടെ അറിയാം. കൂടാതെ ദൂരയാത്രകൾ എളുപ്പമാക്കാൻ ഗൂഗിൾ മാപ്സ് സഹായത്തോടെ ടേണ്‍ ബൈ ടേണ്‍ നാവിഗേഷൻ കാണിക്കുന്ന റോയൽ എൻഫീൽഡിന്റെ പ്രശസ്തമായ "ട്രിപ്പർ നാവിഗേഷൻ പോഡും’ ബുള്ളറ്റ് 650ൽ ലഭ്യമാക്കിയിട്ടുണ്ട്.
മറ്റ് 650 സിസി ബൈക്കുകൾക്ക് സമാനമായ പ്രീമിയം അലുമിനിയം ഫിനിഷിലുള്ള റോട്ടറി സ്വിച്ചുകൾ, യാത്രയ്ക്കിടയിൽ ഫോണ്‍ ചാർജ് ചെയ്യാനായി യുഎസ്ബി പോർട്ട് എന്നിവ ബുള്ളറ്റ് 650ന്റെ പ്രായോഗികത വർധിപ്പിക്കുന്നു.
കരുത്തുറ്റ എൻജിനും പെർഫോമൻസും
റോയൽ എൻഫീൽഡിന്റെ വിശ്വസ്തവും കരുത്തുറ്റതുമായ 648 സിസി എയർ/ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എൻജിനാണ് ബുള്ളറ്റ് 650ന്റെയും ഹൃദയം. ഇത് 47 ബിഎച്ച്പി കരുത്തും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സ്ലിപ്പർ ക്ലച്ചോട് കൂടിയ ആറു സ്പീഡ് ഗിയർബോക്സാണ് വാഹനത്തിലുള്ളത്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിൻവശത്ത് അഡ്ജസ്റ്റ് ചെയ്യാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമുണ്ട്. സുരക്ഷയ്ക്കായി മുൻചക്രത്തിലും പിൻചക്രത്തിലും വലിയ ഡിസ്ക് ബ്രേക്കുകളും ഒപ്പം ഡ്യൂവൽ ചാനൽ എബിഎസും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
മൈലേജും വിലയും
650 സിസി എൻജിൻ ബൈക്കാണെങ്കിലും മാന്യമായ ഇന്ധനക്ഷമത ബുള്ളറ്റ് 650 വാഗ്ദാനം ചെയ്യുന്നുണ്ട്. റൈഡിങ് ശൈലിക്ക് അനുസരിച്ച് ലിറ്ററിന് 22 മുതൽ 25 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാം. റോയൽ എൻഫീൽഡ് തങ്ങളുടെ 650 സിസി നിരയിലെ തനത് ബുള്ളറ്റ് പാരന്പര്യം നിലനിർത്താൻ വളരെ ആകർഷകമായ വിലയിലാണ് ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബുള്ളറ്റ് 650ന്റെ എക്സ്-ഷോറൂം വില 3.65 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
വിപണിയിൽ ബുള്ളറ്റ് 650ന് നേരിട്ടുള്ള എതിരാളികൾ കുറവാണെങ്കിലും ബിഎസ്എ ഗോൾഡ് സ്റ്റാർ 650 പോലുള്ള റെട്രോ ബൈക്കുകളോടാണ് ഇത് പ്രധാനമായും മത്സരിക്കുന്നത്.
വില: 3.65 ലക്ഷം
മൈലേജ്: 25 കിലോമീറ്റർ