ജയ്പുരിലെ തിരക്കേറിയ നിരത്തിൽ അരങ്ങേറിയ ഞെട്ടിക്കുന്ന ഒരു റോഡ് റേഞ്ച് ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സാധാരണഗതിയിൽ ട്രാഫിക്കിലുണ്ടാകാറുള്ള ഒരു നിസാരമായ ഉരസലാണ് അക്രമാസക്തമായ രംഗങ്ങളിലേക്ക് വഴിമാറിയത്.
ഒരു യുവാവ് ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബൈക്ക് യുവതിയുടെ സ്കൂട്ടറിൽ നേരിയ രീതിയിൽ തട്ടിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. നിസാരമായ ഈ അപകടത്തിന് പിന്നാലെ ക്ഷമ നശിച്ച യുവതി തന്റെ ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിന്റെ ബൈക്കിൽ ആഞ്ഞടിക്കുകയും തുടർന്ന് റോഡരികിൽ കിടന്ന കല്ലെടുത്ത് ബൈക്കിന്റെ ഹെഡ്ലൈറ്റും സ്പീഡോമീറ്ററും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർക്കുകയുമായിരുന്നു.
സംഭവം വഷളാകാതിരിക്കാൻ യുവാവ് പരമാവധി ശ്രമിച്ചെങ്കിലും യുവതി തന്റെ ആക്രോശവും അക്രമവും തുടരുകയായിരുന്നു. പോലീസിനെ വിളിക്കുമെന്ന് യുവാവ് മുന്നറിയിപ്പ് നൽകിയപ്പോൾ, തനിക്ക് ആരെയും പേടിയില്ലെന്നും പോലീസിനെ വിളിച്ചാലും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു യുവതിയുടെ വെല്ലുവിളി നിറഞ്ഞ മറുപടി.
ഈ സമയമത്രയും സമീപത്ത് ട്രാഫിക് പോലീസുകാർ ഉണ്ടായിരുന്നിട്ടും അവർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് വീഡിയോ പങ്കുവെച്ചവർ ആരോപിക്കുന്നു. നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച പൊതുജനങ്ങൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ ജയ്പുർ പോലീസ് സംഭവത്തിൽ ഇടപെട്ടു. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രതികരിച്ച പോലീസ്, വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
എങ്കിലും നിലവിൽ യുവതിക്കെതിരെ ഔദ്യോഗികമായി കേസെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ലിംഗഭേദത്തിന്റെ പേരിൽ ഇത്തരം അക്രമങ്ങളെ ലഘൂകരിക്കരുതെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.