ട്രയംഫ് ബോണിവില്ല 400
ഇരുചക്രവാഹന പ്രേമികൾക്ക് ഏറ്റവും പ്രിയമേറിയ റെട്രോ ക്ലാസിക് മോഡലുകളിൽ ഒരു വിപ്ലവത്തിന് തയാറെടുത്തിരിക്കുകയാണ് ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസ്. ആഗോളതലത്തിൽ തന്നെ റെട്രോ ക്ലാസിക് മോഡലുകൾ വീണ്ടും ട്രെൻഡിംഗിൽ ഇടംനേടിയതോടെ ഇന്ത്യയിൽ വൻതിരിച്ചുവരവാണ് ട്രയംഫ് നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ബൃഹത്തായ വിപണി സാധ്യത മുന്നിൽ കണ്ട് ട്രയംഫ് 500 സിസിക്ക് താഴെ പുറത്തിറക്കിയ വാഹനങ്ങളാണ് ഇപ്പോൾ മറ്റ് മോട്ടോർ വാഹന നിർമാതാക്കൾക്ക് വിപണിയിൽ ഭീഷണിയുയർത്തുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മധ്യവർഗത്തെ ലക്ഷ്യംവച്ച് പുറത്തിറക്കിയിരിക്കുന്ന മോഡലുകൾ ഐഷർ മോട്ടോർസിന്റെ റോയൽ എൻഫീൽഡിന് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.
നേരത്തെ തന്നെ ഇന്ത്യൻ വിപണി ലക്ഷ്യം വച്ച് റെട്രോ ക്ലാസിക് മോഡലുകളുമായി നിരവധി വിദേശ കമ്പനികൾ രാജ്യത്തെത്തിയിരുന്നു. അമേരിക്കൻ വാഹന നിർമാതാക്കളായ റെനഗഡ് മോട്ടോർസ്, ജാവ, യെസ്ഡി, ബിഎസ്എ, കാവസാക്കി തുടങ്ങിയ ആഗോള ബ്രാൻഡുകൾ ഇന്ത്യയെ ലക്ഷ്യം വച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.
എന്നാൽ 400 സിസി ടി സീരിസ് മോഡലുകളുമായി മിഡിൽ ക്ലാസ് യുവാക്കളെ ലക്ഷ്യമിട്ടെത്തിയ ട്രയംഫ് ബൈക്കുകൾക്ക് വൻ സ്വീകാര്യതയാണ് ഇന്ത്യയിൽ ലഭിച്ചത്. ടി ഫോർ, സ്പീഡ് 400, സ്ക്രാം 400 തുടങ്ങിയ മോഡലുകൾക്ക് ഇന്ത്യയിൽ തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത ലഭിച്ചിരുന്നു.
തുടർന്ന് പരിഷ്കരിച്ച ടാക്സ് ബാറുകൾക്ക് പിന്നാലെ 350 സിസി എൻജിനിൽ പുറത്തിറക്കിയപ്പോഴും ട്രയംഫിനോടുള്ള പ്രിയം കുറഞ്ഞില്ല. താങ്ങാനാവുന്ന വിലയിലെത്തിയ ട്രയംഫിന് ഇന്ത്യൻ നിരത്തുകളുമായുള്ള പഴയ ബന്ധവും വിപണിയിൽ കരുത്ത് പകർന്നു.
ഫോർഡ് മസ്താംഗ് പോലെ ഹോളിവുഡിലെ സ്ഥിരം സാന്നിധ്യമായ ട്രയംഫ് ഇന്ത്യൻ യുവാക്കളുടെ ഹൃദയത്തിൽ ഒരു സ്ഥിര സാന്നിധ്യം കണ്ടെത്താൻ പോകുന്നത് പക്ഷേ ഷോറൂമുകളിലെത്തിയ എക്കാലത്തെയും അതിന്റെ ഐക്കോണിക് മോഡലായ ബോണിവില്ലയിലൂടെ ആണ്.
1200സിസിയുടെ ഐക്കോണിക് മോഡലിന്റെ 350 സിസി ചെറുപതിപ്പാണ് ബോണിവില്ല 400. ട്രയംഫ് ടി സീരിസിൽ പുറത്തിറക്കിയ അതേ 349സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ ലുക്കിൽ ബോണിവില്ലയുടെ ആഗോളപതിപ്പുമായി ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. 29 ബിഎച്ച്പി കരുത്ത് പകരുന്ന എൻജിൻ 5,500 ആർപിഎമ്മിൽ 31.2 എൻഎം ടോർക്ക് പ്രൊഡ്യൂസ് ചെയ്യും.
195 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 14.5 ലിറ്റർ ഫ്യുവൽ കപ്പാസിറ്റിയുണ്ട്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ട്വിൻ റിയർ ഷോക്ക് അബ്സോർബറുകളുമാണ് വാഹനത്തിന്. കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോളർ, സ്മാർട്ട് ഫോൺ കണക്ടിവിറ്റിയോടുകൂടിയ ടിഎഫ്ടി ഡാഷ്, അഞ്ച് റൈഡിംഗ് മോഡുകളും ക്രൂസ് കൺട്രോളും ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് പുറത്തിറങ്ങുന്നത്.
ബോണിവില്ല ടി40 ടി ഫോർ, ടി40 സ്റ്റാൻഡാർഡ്, ടി40 ബ്ലാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 2,55,167 രൂപ മുതൽ 2,80,167 രൂപ വരെയാണ് എക്സ് ഷോറൂം വില. ബജാജ് ഓട്ടോയാണ് ഇന്ത്യയിൽ ട്രയംഫ് വിപണിയിലെത്തിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക്, ഹോണ്ട സിബി 350, ജാവ, യെസ്ഡി, ബിഎസ്എ തുടങ്ങിയവയാണ് വിപണിയിൽ ട്രയംഫ് ബോണിവില്ല നേരിടേണ്ട എതിരാളികൾ.
Tags : Triumph Bonneville BonnevilleT40 RoyalEnfield Honda Jawa Yezdi BSA