സൊറെന്റോ
കിയയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്യുവി സൊറെന്റോ ഇന്ത്യൻ വിപണിയിലെത്തി. ആറ് സീറ്റർ, ഏഴ് സീറ്റർ കോണ്‍ഫിഗറേഷനുകളിലും ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളിലുമാണ് വാഹനം ലഭ്യമാകുക. 27.99 ലക്ഷം മുതൽ 40.39 ലക്ഷം വരെയാണ് സൊറെന്റോയുടെ എക്സ് ഷോറൂം വില.
പുറംമോടി
മസ്കുലാർ ബോഡി ലൈനുകളും 18, 19 ഇഞ്ച് അലോയ് വീൽ ഓപ്ഷനുകളും വാഹനത്തിന് പ്രീമിയം എസ്യുവി ലുക്ക് നൽകുന്നു. നീളമേറിയ ബോഡിയും വലിയ വീൽബേസും ഉള്ളിലെ മൂന്ന് നിരകളിലും കൂടുതൽ ക്യാബിൻ സ്പേസ് ഉറപ്പാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
മുന്നിലെ വലിയ ഗ്രിൽ, ക്രിസ്റ്റൽ ക്യൂബ് എൽഇഡി ഹെഡ്ലാന്പുകൾ, സ്റ്റാർമാപ്പ് എൽഇഡി ലൈറ്റുകൾ എന്നിവ സൊറെന്റോയുടെ പുറംമോടി കൂട്ടുന്നു.
അകത്തളം
സൊറെന്റോയുടെ അകത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് ഡാഷ്ബോർഡിലെ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ്. 12 സ്പീക്കറുകളുള്ള ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, പവേർഡ് ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.
10 വേ പവർ അഡ്ജസ്റ്റ്മെന്റ് ലംബർ സപ്പോർട്ട് വെന്റിലേറ്റഡ് സീറ്റുകൾ, രണ്ടാം നിര സീറ്റുകൾ ഇലക്ട്രോണിക്കായി മടക്കാനുള്ള സംവിധാനം എന്നിവയാണ് ക്യാബിനിലെ പ്രധാന സൗകര്യങ്ങൾ. ആറ് സീറ്റർ പതിപ്പിൽ രണ്ടാം നിരയിലും വെന്റിലേഷൻ സൗകര്യമുണ്ട്.
സുരക്ഷാ
10 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഡിജിറ്റൽ ഇൻസൈഡ് റിയർവ്യൂ മിറർ, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫ്രണ്ട്-റിയർ ഡാഷ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പ്രധാന സുരക്ഷാ സംവിധാനങ്ങളാണ്. ലെവൽ 2 അഡാസ് സംവിധാനവും വാഹനത്തിലുണ്ട്.
ഉൾക്കരുത്ത്
രണ്ട് പവർട്രെയിൻ ഓപ്ഷനുകളാണ് കിയ സൊറെന്റോയ്ക്ക് നൽകിയിരിക്കുന്നത്. 1.6 ലിറ്റർ ടർബോ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എൻജിൻ 180 എച്ച്പിയും 265 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇതോടൊപ്പം 65 എച്ച്പിയും 264 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറുമുണ്ട്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഹൈബ്രിഡ് പതിപ്പിൽ.
ഡീസൽ പതിപ്പിൽ 2.2 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 193 എച്ച്പി കരുത്തും 442 എൻഎം ടോർക്കും നൽകുന്ന ഡീസൽ എൻജിനൊപ്പം 8-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.
സ്കോഡ കൊഡിയാക്, ഫോക്സ്വാഗണ് ടെയ്റോണ്‍, ജീപ്പ് മെറിഡിയൻ എന്നിവരാണ് നേരിട്ടുള്ള എതിരാളികൾ. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ വലിയ 7-സീറ്റർ എസ്യുവികളുമായും സൊറെന്റോ മത്സരിക്കും.
ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക. 27.99 ലക്ഷം മുതൽ 40.39 ലക്ഷം വരെയാണ് എക്സ് ഷോറൂം വില
Tags : Kia Sorento India Automotive Launches