ഇലക്ട്രിക് സ്കൂട്ടറായ 'കോനാർക്'
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി പുതിയ ഇലക്ട്രിക് സ്കൂട്ടറായ "കോനാർക്' വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഇഎൽ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോനാർക് ദൈനംദിന യാത്രകൾക്കും കുടുംബ ഉപയോഗത്തിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ലോഹനിർമിത ബോഡി, ഉയർന്ന ദൂരപരിധി, വലിയ സ്റ്റോറേജ് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
പുതിയ രൂപകല്പന
450എക്സ്, റിസ്ത മോഡലുകളിൽനിന്ന് വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ് കോനാർക്കിന്. ഏഥറിന്റെ സ്റ്റീൽ യൂണിബോഡി മെറ്റൽ ബോഡി പാനലുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ 14 ഇഞ്ച് വീലും പിന്നിൽ 12 ഇഞ്ച് അലോയ് വീലുമാണ് നൽകിയിരിക്കുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കിനൊപ്പം ഡ്യുവൽ ഹൈഡ്രോളിക് കോയിൽ സ്പ്രിങ് റിയർ സസ്പെൻഷനും ലഭിക്കും. മോശം റോഡുകളിലും മികച്ച റൈഡിങ് സ്റ്റബിലിറ്റി ഉറപ്പാക്കുകയാണ് ലക്ഷ്യം.
2.1 കിലോവാട്ട്, 2.7 കിലോവാട്ട് എന്നിങ്ങനെ ബാറ്ററി ഓപ്ഷനുകളിലാണ് കോനാർക് എത്തുന്നത്. 100 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെയാണ് വാഹനത്തിന്റെ ഐഡിസി റേഞ്ച്്. നാല് കിലോവാട്ട് / 4.7 കിലോവാട്ട് ശേഷിയുള്ള പിഎംഎസ്എം ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. 16 എൻഎം ടോർക്ക് ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്ററാണ് പരമാവധി വേഗം.
450വാട്ട് ഓണ്‍ബോർഡ് ചാർജർ ഉപയോഗിച്ച് വീട്ടിലെ സോക്കറ്റിൽനിന്ന് 0-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ നാലു മുതൽ അഞ്ച് മണിക്കൂർ വരെ വേണ്ടിവരും. ഓപ്ഷണലായി ലഭിക്കുന്ന 900വാട്ട് കോന്പിനേഷൻ ചാർജർ ഉപയോഗിച്ചാൽ ചാർജിംഗ് സമയം രണ്ട് മണിക്കൂറായി കുറയ്ക്കാം.
ഫീച്ചറുകളാൽ സമൃദ്ധം
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ, കാൾ/എസ്എംഎസ് അലേർട്ടുകൾ, തെഫ്റ്റ് അലേർട്ടുകൾ, ഒടിഎ അപ്ഡേറ്റുകൾ തുടങ്ങിയ കണക്റ്റഡ് ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്. വേരിയന്റിന് അനുസരിച്ച് 4.2 ഇഞ്ച് ഡീപ്വ്യൂ ഡിജിറ്റൽ ഡിസ്പ്ലേയും കളർ ടിഎഫ്ടി ടച്ച്സ്ക്രീനും കീലെസ് എൻട്രിക്കായി "മാജിക് കീ’ സംവിധാനവുമുണ്ട്.
കയറ്റത്തിലും ഇറക്കത്തിലും വാഹനം പിന്നിലേക്ക് ഉരുണ്ടുപോകുന്നത് തടയാൻ ഓട്ടോഹോൾഡ് സംവിധാനം, വാഹനം മറിഞ്ഞാൽ മോട്ടോറിലേക്കുള്ള വൈദ്യുതി തടയുന്ന ഫാൾസേഫ് സംവിധാനം, കുറഞ്ഞ വേഗത്തിൽ വാഹനം എളുപ്പത്തിൽ മുന്നോട്ടും പിന്നോട്ടും നീക്കി പാർക്ക് ചെയ്യാൻ സഹായിക്കുന്ന എയർവാക്ക് സംവിധാനം തുടങ്ങിയ പുതിയ സുരക്ഷാ ഫീച്ചറുകളും കോനാർക്കിലുണ്ട്.
സീറ്റിനടിയിൽ 31 ലീറ്റർ ബൂട്ട് സ്പേസാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഹാഫ് ഫേസ് ഹെൽമറ്റുകൾ വരെ സൂക്ഷിക്കാനാകും. മുൻവശത്ത് യുഎസ്ബി ചാർജിംഗ് സൗകര്യത്തോടുകൂടിയ രണ്ട് ലിറ്റർ ഗ്ലോവ് ബോക്സും നൽകിയിട്ടുണ്ട്. സ്മാർട്ട് ഇക്കോ, ഇക്കോ, പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് കോനാർക്കിലുള്ളത്.
മത്സരം കടുക്കും
ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഓർബിറ്റർ, ബജാജ് ചേതക് ഇലക്ട്രിക്, ഒല എസ്1 എക്സ്, ഒല എസ്1 എയർ, ഹീറോ വിഡ വിഎക്സ്2 തുടങ്ങിയ മോഡലുകളോടാണ് ഏഥർ കോനാർക് മത്സരിക്കുക. 10,000 കിലോമീറ്ററാക്കി സർവീസ് ഇടവേള വർധിപ്പിച്ചതും അഞ്ചാം തലമുറ ബെഡ്റോക്ക് ബാറ്ററിക്ക് 10 വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി നൽകുന്നതുമാണ് കോനാർക്കിന്റെ പ്രത്യേകത.
വാഹനത്തിന്റെ പ്രാരംഭ വില 99,999 രൂപയാണ്. ക്വാർട്സ് വൈറ്റ്, മജസ്റ്റിക് ഗ്രേ, ലൂമൻ കോപ്പർ, സെലസ്റ്റിയൽ ഗോൾഡ്, ക്ലാറെറ്റ് റെഡ് തുടങ്ങിയ നിറങ്ങളിൽ ഏഥർ കോനാർക് ലഭ്യമാണ്.
വില: 99,999
റേഞ്ച്: 200 കിലോമീറ്റർ
Tags : Konark Range Kilometers AtherEnergy ElectricScooter