കാഞ്ഞിരപ്പള്ളി: പുതിയ തലമുറയെയും യുവാക്കളെയും റബർകൃഷിയിലേക്കും അനുബന്ധ മേഖലകളിലേക്കും ആകർഷിക്കാൻ റബർ ബോർഡ് സമഗ്ര പദ്ധതികൾ നടപ്പാക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി. ചിറക്കടവ് മാതൃകാ റബർ ഉത്പാദക സംഘത്തിൽ കാഞ്ഞിരപ്പള്ളി റീജണൽ ഓഫീസുമായി ചേർന്ന് സംഘടിപ്പിച്ച റബർ കർഷകസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടാപ്പിംഗിനെ മാന്യമായ തൊഴിൽ സംവിധാനമാക്കി മാറ്റി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും ഉത്പാദകസംഘങ്ങൾ വഴി തോട്ടങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനൊപ്പം തൊഴിലാളികളുടെ വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി നൽകുന്ന സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. റബർവില 300 രൂപ കടന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും താങ്ങുവില ഉയർത്താൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചിറക്കടവ് മാതൃകാ ആർപിഎസ് സെക്രട്ടറി ഷാജിമോൻ ജോസ് അധ്യക്ഷത വഹിച്ചു. റബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ ഡോ. ടി. സിജു മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ ഭാരവാഹികളായ ടോണി മൈക്കിൾ, വി.എൻ. കൃഷ്ണപിള്ള, കെ.എസ്. ജോസഫ്, തോമസ് സേവ്യർ, പി.എൻ. റെജിമോൻ, റീജണൽ ഡെവലപ്മെന്റ് ഓഫീസർ സാലിക്കുട്ടി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.