ഉത്തരാഖണ്ഡിലെ ഉധംസിംഗ് നഗർ ജില്ലയിലെ രുദ്രപൂരില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ത്രിശൂല്‍ ചൗക്കില്‍ വെച്ച് ട്രാഫിക് പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം അരങ്ങേറിയത്.
നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങളും ഹെല്‍മെറ്റ് ധരിക്കാത്തവരും പൊലിസ് പിടിയിലാകാതിരിക്കാന്‍ നഗരത്തിലൂടെ പായുന്നതിനിടയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. പൊലിസ് കൈകാണിച്ച ഉടന്‍ തന്നെ പരിശോധനയില്‍ നിന്ന് തലയൂരാന്‍ ഒരു യാത്രികൻ തന്റെ ബൈക്ക് പെട്ടെന്ന് വെട്ടിച്ചു പായുകയായിരുന്നു.
ഈ പെട്ടെന്നുള്ള വെട്ടിത്തിരിയലില്‍ പിന്നിലിരുന്ന ഭാര്യ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. എന്നാല്‍ വീണുകിടക്കുന്ന ഭാര്യയെ തിരിഞ്ഞു നോക്കാന്‍ പോലും നില്‍ക്കാതെ ആ വ്യക്തി വണ്ടിയുമായി അവിടെ നിന്നും വേഗത്തില്‍ രക്ഷപെടുകയാണുണ്ടായത്.
ഇത് കണ്ട് സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഓടിയെത്തി യുവതിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനൽകി. ഈ ദൃശ്യങ്ങള്‍ നാട്ടുകാർ മൊബൈലില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
തുടര്‍ന്ന് പൊലിസ് യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. തനിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് യുവതി പൊലിസിനോട് വ്യക്തമാക്കി. തുടര്‍ന്ന് ഉചിതമായ കൗൺസിലിംഗ് നൽകി പൊലിസ് ഇവരെ വീട്ടിലേക്ക് അയക്കുകയാണുണ്ടായത്.
ഗതാഗത പരിശോധനകളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നത് യാത്രക്കാരുടെ ജീവന് എത്രത്തോളം ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.