കോഴിക്കോട്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക എന്ന് ഭൂട്ടാന് വിദ്യാഭ്യാസ മന്ത്രി യീസാംഗ് ഡി താപ്പ വിശേഷിപ്പിച്ച കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനിയായ റൂഹി മൊഹ്സിബിന് ഉജ്ജ്വല്‍ ബാല്യ പുരസ്കാരം. ആറാം വയസില്‍ ബാങ്കോക്കിലെ ഐക്യരാഷ്ട്രസഭ കോണ്‍ഫറന്‍സ് ഹാല് സംസാരിക്കാന്‍ അവസരം ലഭിച്ച റൂഹിയ്ക്ക് പ്രായത്തെ തോല്‍പ്പിക്കുന്ന നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരം കൂടിയാണ് കേരള സര്‍ക്കാരിന്റെ ബാലപുരസ്കാരം.
6 - 11 വയസ് കാറ്റഗറിയില്‍ ജനറല്‍ വിഭാഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തന മികവിനാണ് ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല്‍ ബാല്യം പുരസ്കാരം റൂഹിയെ തേടിയെത്തിയത്. മാതാപിതാക്കളായ അബ്ദുള്‍ ഖനിയും ഡോ. അനീസ മുഹമ്മദും റൂഹിക്ക് റീസൈക്കിള്‍ഡ് പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച പുസ്തകങ്ങളായിരുന്നു വാങ്ങി നല്‍കിയിരുന്നത്. ഓരോ കടലാസിന് പിന്നിലും മുറിഞ്ഞുവീഴുന്ന മരങ്ങളുടെ കണ്ണുനീരുണ്ടെന്ന തിരിച്ചറിവ് റൂഹിയുടെ കുരുന്നു മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചു. അങ്ങനെയാണ് പരിസ്ഥിതി സ്നേഹം ആരംഭിച്ചത്. കടലാസുകള്‍ റീസൈക്കിള്‍ഡ് പേപ്പറിലാക്കിയാല് എത്രയോ മരങ്ങളെ സംരക്ഷിക്കാമെന്ന് ചൂണ്ടിക്കാട്ടി തന്റെ കുഞ്ഞു കൈപ്പടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ലോകരാഷ്ട്ര തലവന്മാര്ക്കും റൂഹി കത്തുകളയച്ചു.
വയനാട് പുത്തുമല ദുരന്തമുണ്ടായപ്പോള്‍ മണ്ണിടിച്ചില്‍ തടയാന്‍ ആല്, നീര്‍മരുത്, താന്നി എന്നിവയുടെ തൈകള്‍ നട്ടുകൊണ്ടായിരുന്നു ഇടപെടല്‍. 'ട്രീ ബാങ്ക് നഴ്സറി' എന്ന വലിയ സ്വപ്നത്തിന് പിന്നാലെയാണ് പാറോപ്പടി കോമണ്‍ ഗ്രൗണ്ട് ഇന്റര്‍നാഷണല്‍ അക്കാദമിയിലെ ഈ രണ്ടാം ക്ലാസുകാരി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 10,000 സ്കൂളുകളില്‍ ട്രീ ബാങ്ക് നഴ്സറി നടപ്പാക്കുന്ന പ്രവര്ത്തിയിലാണിപ്പോള് റൂഹി. വിദ്യാര്‍ഥികളുടെ കൈകളാല്‍ രാജ്യത്ത് ഒരു കോടി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. മാവൂര്‍ ഗ്രാസിം ഫാക്ടറിക്കെതിരെ പോരാടി ജീവന് വെടിഞ്ഞ പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് കെ.എ. റഹ്മാന്റെ സ്മരണാര്‍ത്ഥമുള്ള പ്രഥമ അവാര്‍ഡും റൂഹിക്കായിരുന്നു.