International
കീവ്: ക്രിസ്മസ് ആഘോഷത്തിനു തയാറെടുക്കുന്ന യുക്രയെ്നിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശം. ഒരു കുഞ്ഞ് അടക്കം മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വൈദ്യുതിവിതരണ സംവിധാനങ്ങൾ തകർന്നതു മൂലം യുക്രെയ്നിലെ ഒട്ടേറെ പ്രദേശങ്ങൾ ഇരുട്ടിലായി.
650 ഡ്രോണുകളും 30 മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. പടിഞ്ഞാറൻ യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്ക് വലിയ തോതിൽ നാശം നേരിട്ടു.
ചെർണിഹീവ്, ലുവീവ്, ഒഡേസ മേഖലകളിൽ വൈദ്യുതി ഇല്ലാതായി. സെൻട്രൽ യുക്രെയ്നിലെ സൈറ്റോമിർ പ്രദേശത്ത് നാലുവയസുള്ള കുഞ്ഞ് അടക്കം രണ്ടു പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ മറ്റൊരാളും മരിച്ചു.
പടിഞ്ഞാറൻ യുക്രെയ്നിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് നാറ്റോ അംഗം കൂടിയായ അയൽരാജ്യം പോളണ്ട്, മുൻകരുതലെന്ന നിലയിൽ യുദ്ധവിമാനങ്ങളെ വിന്യസിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ നേതൃത്വം റഷ്യൻ, യുക്രെയൻ പ്രതിനിധികളുമായി വെവ്വേറെ ചർച്ച പൂർത്തിയാക്കി ദിവസങ്ങൾക്കകമാണ് ഈ ആക്രമണം. അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില നിർദേശങ്ങൾ അംഗീകരിക്കാൻ റഷ്യക്കും യുക്രെയ്നും മടിയാണ്.
International
കീവ്: പടിഞ്ഞാറൻ യുക്രെയ്നിലെ ടെർനോപിൽ നഗരത്തിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; 16 കുട്ടികളടക്കം 66 പേർക്കു പരിക്കേറ്റു.
പടിഞ്ഞാറൻ യുക്രെയ്നിലെ ലുവീവ്, ഇവാനോ-ഫ്രാങ്കിവിസ്ക് മേഖലകളിലും വടക്കൻ യുക്രെയ്നിലെ ഖാർകീവിലും ഉണ്ടായ മറ്റ് ആക്രമണങ്ങളിൽ മറ്റൊരു 30 പേർക്കും പരിക്കേറ്റിട്ടുണ്ട്.
റഷ്യൻ സേന ചൊവ്വാഴ്ച രാത്രി 470 ഡ്രോണുകളും 47 മിസൈലുകളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ വൻതോതിലുള്ള നാശമാണുണ്ടായതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ടെർനോപിൽ നഗരത്തിലെ രണ്ടു ഫ്ലാറ്റുകളുടെ മുകൾനിലകൾ തകർന്നാണു മരണങ്ങൾ സംഭവിച്ചത്.
കെട്ടിടാവശിഷ്ടങ്ങളിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പടിഞ്ഞാറൻ യുക്രെയ്നിലെ ആക്രമണത്തിൽ വ്യാപകമായി വൈദ്യുതിവിതരണ, ഗതാഗത സംവിധാനങ്ങൾ തകർന്നു.
റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിലെ രണ്ടു വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. റഷ്യൻ മിസൈലുകളും ഡ്രോണുകളും വ്യോമാതിർത്തി ലംഘിക്കുന്നില്ല എന്നുറപ്പാക്കാനായി പോളണ്ട് യുദ്ധവിമാനങ്ങളെ വിന്യസിച്ചു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ടു മരണം. കീവിൽ ആറു പേരും തെക്കൻ യുക്രെയ്നിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. തെക്കൻ യുക്രെയ്നിലെ കൊർനൊമോർസ്കിൽ ഊർജ കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഒരു ഗർഭിണിയും മൂന്നു കുട്ടികളുമുൾപ്പെടെ 34 പേർക്കു പരിക്കേറ്റു. റഷ്യൻ സൈന്യം 430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് തിരിച്ചടിച്ചതെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. കീവ് ലക്ഷ്യമാക്കി റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
റഷ്യ തൊടുത്ത ഭൂരിപക്ഷം ഡ്രോണുകളും മിസൈലുകളും യുക്രെയ്ൻ തകർത്തു. എന്നാൽ 30 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ ഒൻപതു ജില്ലകളിലായി അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ കെട്ടിട സമുച്ചയങ്ങൾ, ചികിത്സാ കേന്ദ്രം, ഭരണനിർവഹണ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടു സംഭവിച്ചെന്ന് അധികൃതർ അറിയിച്ചു.
International
കീവ്: യുക്രെയ്നിലെ റെയിൽവെ സ്റ്റേഷന് നേരെ ഡ്രോണാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ 30 പേർക്ക് പരിക്കേറ്റു.
സുമി പ്രദേശത്തെ ഷോസ്ക സ്റ്റേഷനിലാണ് ഡ്രോണാക്രമണം നടന്നത്. റഷ്യൻ അതിർത്തിയിൽ നിന്ന് 50 കിലോമിറ്റർ മാത്രം അകലെയാണ് ഷോസ്ക സ്റ്റേഷൻ.
ആരോഗ്യപ്രവർത്തർകരും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് മാറ്റി.
ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കി അപലപിച്ചു.