മാൻഡലിൻ, ബാൻജോ, ഗിറ്റാർ... ഒരുപോലെ സാമ്യങ്ങളും വ്യത്യാസങ്ങളുമുള്ള സംഗീതോപകരണങ്ങൾ. പിതാവിന്റെ വിരലുകൾ വിസ്മയപ്പൂക്കൾ വിടർത്തിയ മാൻഡലിനിൽ മൂന്നാം വയസിൽ തുടങ്ങി, ബാൻജോയിലൂടെ ഗിറ്റാറിലേക്കൊഴുകിയതാണ് എസ്.പി. വെങ്കിടേഷിന്റെ സംഗീതം. ഇവയിൽ കൂടുതൽ ഗാംഭീര്യവും വൈവിധ്യവുമുള്ള സ്വരം പകരുന്നതു ഗിറ്റാറാണ്. എല്ലാത്തരം സംഗീതത്തിലും ഗിറ്റാർ ഇണങ്ങും; എല്ലാ ഭാവങ്ങളും വെങ്കിടേഷിന്റെ സംഗീതത്തിൽ ഇണങ്ങിയതുപോലെ. ഒരു ഗിറ്റാർ നെഞ്ചിൽച്ചേർന്നില്ലാത്ത എസ്.പി. വെങ്കിടേഷിന്റെ രൂപം സങ്കല്പിക്കുക പ്രയാസം. വീണയുടെയും സിത്താറിന്റെയും ശബ്ദങ്ങൾവരെ അദ്ദേഹം ഗിറ്റാറിൽ സൃഷ്ടിക്കുമായിരുന്നുവത്രേ.
എല്ലാം അരുൾ
ഈണങ്ങൾ മനസിൽ തെളിയിക്കുന്നതു കടവുളിന്റെ അരുൾ (ദൈവത്തിന്റെ വരം) ആണെന്നായിരുന്നു എക്കാലവും വെങ്കിടേഷിന്റെ പക്ഷം. അദ്ദേഹം കൈതൊട്ടതെല്ലാം മലയാളിയുടെ മനസുതൊട്ടു. ഒരിക്കൽ അദ്ദേഹം പറഞ്ഞു: “എന്റെ ട്യൂണുകൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്നതു കടവുളിന്റെ അനുഗ്രഹം. സംവിധായകർ ഓരോ സന്ദർഭം പറയുന്പോഴും ഈണം മനസിൽ തെളിയും. ഇതെല്ലാം എങ്ങനെ വരുന്നു എന്നറിയില്ല. പ്ലാനുകൾ എല്ലാം കടവുളിന്റേതാണ്. ഞാൻ വെറും വർക്കർ മാത്രം!”
അദ്ദേഹം ഗിറ്റാറിൽ തൊട്ടുണർത്തിയ ചെറിയ സംഗീതശകലങ്ങൾ മനോഹരഗാനങ്ങളായ കഥകൾ, തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് പലവട്ടം ഓർമിച്ചിട്ടുണ്ട്. ‘തുടർക്കഥ’ എന്ന ചിത്രത്തിന്റെ കന്പോസിംഗ് കഴിഞ്ഞു മടങ്ങുന്ന വേളയിൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയുടെ ഡൈനിംഗ് റൂമിലിരുന്ന് വെങ്കിടേഷ് ഒരു ശകലം വായിച്ചു. ഡെന്നിസിന്റെ ആഗ്രഹപ്രകാരമായിരുന്നു അത്. ഒരൊറ്റ കേൾവിയിൽ ആ ഗിറ്റാർനാദം അദ്ദേഹത്തിനിഷ്ടമായി. അതിനെയൊരു മുഴുനീള ഗാനമാക്കി സിനിമയിൽ ഉപയോഗിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു.
തുടർക്കഥയിലെ മറ്റു പാട്ടുകളെഴുതിയത് ഒ.എൻ.വി. കുറുപ്പാണ്. അദ്ദേഹം വിമാനത്താവളത്തിലേക്കു പോകാനൊരുങ്ങിനിൽക്കുന്നു. വെങ്കിടേഷ് ഗിറ്റാറിൽ വായിച്ച ഈണം കേൾപ്പിച്ച് അതിനനുസരിച്ച് വരികൾ എഴുതണമെന്ന് ഒഎൻവിയോട് ആവശ്യപ്പെടുന്നതുതന്നെ ശ്രമകരമായ ദൗത്യമാണ്. നിന്ന നിൽപ്പിൽ ഈണം കേട്ട് കവി രണ്ടു വരികൾ പറഞ്ഞുകൊടുത്തു. ബാക്കി നാട്ടിലെത്തിയശേഷം ഫോണിൽ പറഞ്ഞുകൊടുക്കാമെന്നും ഉറപ്പുനൽകി. ആ പാട്ട് തുടർക്കഥയിൽ എം.ജി. ശ്രീകുമാറിന്റെയും ചിത്രയുടെയും ശബ്ദത്തിൽ ഇങ്ങനെ കേട്ടു: ‘മാണിക്യക്കുയിലേ നീ... കാണാത്ത കാടുണ്ടോ... കാണാത്ത കാട്ടിലേതോ നീലക്കടന്പുണ്ടോ...’
മറ്റൊരിക്കൽ ഡെന്നീസ് ജോസഫിനു വായിച്ചുകേൾപ്പിച്ച സംഗീതശകലത്തിൽനിന്നാണ് പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ എന്ന പാട്ടുണ്ടായത്. കിഴക്കൻ പത്രോസ് എന്ന ചിത്രത്തിന്റെ പൂജാവേളയിലാണ് ഈ സംഭവം. ഒഎൻവിയുടെ സുന്ദരമായ വരികളും യേശുദാസിന്റെ ആലാപനവും ചേർന്നപ്പോൾ പാട്ട് അതിസുന്ദരം. പാട്ടിനു പറ്റിയ സന്ദർഭം സിനിമയിൽ ഇല്ലാതിരുന്നതിനാൽ ടൈറ്റിൽ സോംഗ് ആയി ഉൾപ്പെടുത്തുകയായിരുന്നു. ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായി ഇതു മാറിയതു ചരിത്രം. ഗിറ്റാർ ബിറ്റുകളായി ഈണങ്ങൾ വിരിഞ്ഞ വിസ്മയം!
ഭാഷകൾക്കപ്പുറം
ഇരുനൂറു ശതമാനം തമിഴനാണ് എസ്.പി. വെങ്കിടേഷെന്നു സ്നേഹപൂർവം വിശേഷിപ്പിച്ചത് ഗാനരചയിതാവ് ഷിബു ചക്രവർത്തിയാണ്. രാജാവിന്റെ മകനിലെ പാട്ടുകൾക്ക് ഈണമിടാനെത്തുന്പോൾ മലയാളത്തിന്റെ പശ്ചാത്തലം ഒട്ടുമില്ല വെങ്കിടേഷിന്. അദ്ദേഹത്തിന്റെ മീറ്ററൊപ്പിച്ച് വരികളെഴുതാൻ എളുപ്പമായിരുന്നില്ല. എന്നിട്ടും ആ പാട്ടുകൾ മലയാളി ആസ്വാദകരെ ത്രസിപ്പിച്ചു. ‘വിണ്ണിലെ ഗന്ധർവ വീണകളും’, ‘പാടാം ഞാനാ ഗാനവും’, ‘ദേവാംഗനയും’ ഏറ്റുപാടാത്തവർ ചുരുക്കം. മലയാളത്തിന് അങ്ങനെ പുതിയൊരു മ്യൂസിക് ഡയറക്ടറെ സമ്മാനം കിട്ടുകയായിരുന്നു.
ഇതേ മലയാളമറിയാത്തയാൾ വൈകാതെ മലയാളത്തിന്റെ സ്വന്തമായി. അദ്ദേഹം ചെയ്തുവയ്ക്കുന്ന മീറ്റർ ഗാനരചയിതാക്കൾക്ക് ഏറ്റവും എളുപ്പമുള്ളവയായി. തനി മലയാളിത്തമുള്ള ഒട്ടേറെ പാട്ടുകൾ പിറന്നു. വെങ്കിടേഷ് നൽകുന്ന ഈണം കാസറ്റിൽ പലയാവർത്തി കേൾക്കുന്പോഴേക്കും പാട്ടിന്റെ പല്ലവി തനിയെ വരുമെന്ന് ഓർമിച്ചിട്ടുണ്ട് ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ പുലരി പൂക്കളാൽ എന്ന പാട്ടാണ് വെങ്കിടേഷിന്റെ ഈണത്തിൽ ആദ്യമായി എഴുതിയത്. ഓടിനടന്നു പാട്ടുകൾ ചെയ്ത് ഏറ്റവും ഔന്നത്യത്തിൽ നിൽക്കുന്ന കാലമാണ് അന്നു വെങ്കിടേഷിന്റേത്. എന്നിട്ടും ഒരു പുതിയ ആളായ തന്നെ കവി എന്ന നിലയിൽ കണ്ട് വെങ്കിടേഷ് സ്വീകരിച്ചുവെന്ന് ഐ.എസ്. കുണ്ടൂർ പറയുന്നു. ഒട്ടേറെ നാടകങ്ങൾക്കും മേലേപ്പറന്പിൽ ആണ്വീട്, വാർധക്യപുരാണം, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങിയ ചിത്രങ്ങൾക്കും പാട്ടെഴുതിയയാളാണ് അദ്ദേഹം.
മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ തെന്നിന്ത്യ വിട്ട് അതേ മനോഹാരിതയോടെ ബംഗാളിൽവരെ വെങ്കിടേഷിന്റെ ഈണങ്ങളെത്തി. പശ്ചാത്തലസംഗീതമായും പാട്ടുകളായും അവരുടെ ഹൃദയങ്ങളും തൊട്ടു. അപ്പോഴും മലയാളവും മലയാളികളും ഇവിടത്തെ സിനിമാ സൗഹൃദങ്ങളും അദ്ദേഹത്തിനു പ്രിയങ്കരമായിരുന്നു. തനിക്കു പേരും പുരസ്കാരങ്ങളും സമ്മാനിച്ചതു കേരളമാണെന്ന് അദ്ദേഹം എന്നും ഓർമിച്ചു. എപ്പോൾ വിളിച്ചാലും ഏതു ട്രെൻഡിനൊപ്പിച്ചും പാട്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. പുതിയ തലമുറ ഇഷ്ടപ്പെടുന്ന റിഥവും സൗണ്ടിംഗും തന്റെ കൈയിൽ തയാറാണെന്ന് ഒരിക്കലൊരു ടെലിവിഷൻ അഭിമുഖത്തിൽ വെങ്കിടേഷ് പറയുകയും ചെയ്തു.
മലയാളികളെ അദ്ദേഹം ഫേസ്ബുക്കിലൂടെയും ഫോണ്വിളികളിലൂടെയും കണ്ടുകൊണ്ടിരുന്നു. ഒരിക്കൽ പറഞ്ഞു: ഫേസ്ബുക്കിൽ മലയാളികൾ എന്നെക്കുറിച്ച് എഴുതുന്നതെല്ലാം ഇവിടെ മലയാളികളായ സഹപ്രവർത്തകർ കാണിച്ചുതരാറുണ്ട്. മലയാളത്തിൽ എത്രയോ നല്ല പുതിയ സംഗീതസംവിധായകർ വന്നു, എത്രയധികം പാട്ടുകൾ വന്നു. എന്നിട്ടും വർഷങ്ങൾക്കിപ്പുറം എസ്.പി. വെങ്കിടേഷിനെ മലയാളികൾ ഓർക്കുന്നു. അതാണ് ഏറ്റവും വലിയ സന്തോഷവും പുരസ്കാരവും. അതിനപ്പുറം ഒന്നുമില്ല...
ലഹരി പടർത്തിയ ‘ശാന്തമീരാത്രി’യും വാത്സല്യം തുളുന്പിയ ‘താമരക്കണ്ണനുറങ്ങേണ’വുമടക്കം പാട്ടുകളുടെ ഒരു ഭാവസാഗരം മലയാളികൾക്കുമുന്നിൽ വിശാലമായിക്കിടക്കുന്നു. അലകളും അലയുന്ന കാറ്റും ഈണമായി നമ്മെ തൊടുന്നു...