തെക്കേ ഏഷ്യയിലെ രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും ആവേശകരമായ ഫുട്ബോൾ പോരാട്ടമാണ് സാഫ് ചാമ്പ്യൻഷിപ്പ്. സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ (SAFF) നേതൃത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്റ് ഈ മേഖലയിലെ രാജ്യങ്ങൾക്ക് തങ്ങളുടെ ഫുട്ബോൾ ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും വലിയ വേദിയാണ്.
ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
1993ൽ പാകിസ്ഥാനിൽ വെച്ചാണ് സാഫ് കപ്പിന്റെ ആദ്യ പതിപ്പ് അരങ്ങേറുന്നത്. അന്ന് ‘സാർക്ക് ഗോൾഡ് കപ്പ്' എന്ന പേരിലാണ് ടൂർണമെന്റ് തുടങ്ങിയത്. പിന്നീട് പലതവണ പേര് മാറ്റിയെങ്കിലും (സാർക്ക് കപ്പ്, സാഫ് ഗോൾഡ് കപ്പ്) 2008 മുതൽ ഇത് ‘സാഫ് ചാമ്പ്യൻഷിപ്പ്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ സ്ഥിരമായി ഏറ്റുമുട്ടുന്നത്.
ഇന്ത്യയുടെ അപ്രമാദിത്വം
സാഫ് കപ്പ് ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീം ഇന്ത്യയാണ്. ഇതുവരെ നടന്ന ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ തവണ കിരീടം ചൂടിയതും ഇന്ത്യ തന്നെ. ഇതുവരെ ഒൻപതു തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. പത്താം കിരീടം ലക്ഷമിട്ടാണ് 2026ൽ ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്.
1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023 വര്‍ഷങ്ങളിലാണ് ഇന്ത്യ സാഫ് കപ്പ് ഉയര്‍ത്തിയത്. 15 എഡിഷനുകളുടെ ചരിത്രമുള്ള സാഫ് കപ്പില്‍ 14 തവണയും ഇന്ത്യ ഫൈനല്‍ കളിച്ചു. 2003 ല്‍ മാത്രമാണ് സെമി ഫൈനലില്‍ പുറത്തായത്. പാക്കിസ്ഥാന് നാല് തവണ സെമിഫൈനല്‍ വരെയെത്തി. ഏറ്റവുമൊടുവില്‍ സെമി കളിച്ചത് 2018ല്‍.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ ഐ.എം. വിജയൻ, ബൈചുംഗ് ഭൂട്ടിയ, സുനിൽ ഛേത്രി തുടങ്ങിയവരെല്ലാം സാഫ് കപ്പ് വേദിയിൽ ഇന്ത്യക്കായി മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ളവരാണ്. ടൂർണമെന്റിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരിൽ സുനിൽ ഛേത്രിയാണ് മുന്നിൽ. 23 ഗോളുകൾ താരം നേടിയിട്ടുണ്ട്
ഇന്ത്യക്ക് പുറമെ മാലദ്വീപ് (രണ്ടു തവണ), ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ (ഇവർ പിന്നീട് കാഫിലേക്ക് (CAFA) മാറി) തുടങ്ങിയ ടീമുകളും മുൻപ് കിരീടങ്ങൾ നേടിയിട്ടുണ്ട്.