നാഗ്പുർ: അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾ വൻ തുക സംഭാവനയായി കൈപ്പറ്റിയെന്ന ആരോപണത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ.
ഇത്തരത്തിൽ 2023-24 കാലയളവിൽ സംഭാവന കൈപ്പറ്റിയ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണം മുതിർന്ന ബിജെപി നേതാക്കളുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരുമെന്നും നാഗ്പുരിൽ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ അംഗീകാരമില്ലാത്ത ആറ് രാഷ്ട്രീയപാർട്ടികൾ ബിജെപി ഒഴികെ മറ്റു ദേശീയപാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ വലിയ തുകകളാണ് കൈപ്പറ്റിയിരിക്കുന്നതെന്ന് ബിബിസിയുടെ ഹിന്ദിവിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പുകളിൽ ഒന്നോ രണ്ടോ സീറ്റുകളിൽ മത്സരിച്ചിട്ടും ഇവർക്കു ലഭിച്ചിരിക്കുന്ന തുക അത്രമാത്രം വലുതാണ്. ഇത്തരത്തിൽ അംഗീകാരമില്ലാത്ത പാർട്ടികൾക്കു ലഭിക്കുന്ന ഫണ്ട് ‘മോദി മോഡൽ’ എന്നാണ് അറിയപ്പെടുന്നതെന്ന് ചാവ്ദ പരിഹസിച്ചു.
മോദി അവകാശപ്പെടുന്നത് താൻ പണം എടുക്കുകയോ ആരെയും എടുക്കാൻ അനുവദിക്കുകയോ ചെയ്യില്ലെന്നാണ് എന്നാൽ യാഥാർഥ്യം അദ്ദേഹത്തിന് കോടികളിൽ കുറഞ്ഞ ഒരു കച്ചവടമില്ലെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടു തന്നെ ഈ വിഷയത്തിലും ഭാവിയിലും അന്വേഷണം നടത്താൻ ഹൈക്കോടതി ജഡ്ജ് അധ്യക്ഷനായുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് ആവശ്യമെന്നും അമിത് കൂട്ടിച്ചേർത്തു.