കൊച്ചി: ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി അഗതികളുടെ സഹോദരിമാരുടെ സന്യാസിനീസമൂഹം (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്- എസ്ഡി). ആലുവ തോട്ടുമുഖം എസ്ഡി ജനറലേറ്റില്‍ 18 മുതല്‍ 24 വരെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
41 വർഷം എസ്ഡി ഡയറക്ടറായിരുന്ന മോണ്‍. ജോര്‍ജ് വല്യാറമ്പത്ത് സ്ഥാപിച്ച മര്‍ത്താസ് സഹോദരിമാരുടെ സംഗമവും വിശുദ്ധ കുര്‍ബാനയും 18നു നടക്കും. നവതിയുടെ നിറവിലാണ് മര്‍ത്താസ് സഹോദരിമാര്‍. 19ന് കൃതജ്ഞതയോടെ ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. നൂറോളം അതിഥിതൊഴിലാളികളെയും അവരുടെ അധ്വാന ജീവിതത്തെയും ആദരിക്കുന്ന പരിപാടിയും അന്നു നടക്കും.
എസ്ഡി സന്യാസിനീസമൂഹം സ്ഥാപിക്കുന്നതിന് അനുവാദം നൽകുകയും വളര്‍ച്ചയിൽ പങ്കുവഹിക്കുകയും ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ അഗസ്റ്റിന് കണ്ടത്തില്‍, സ്ഥാപക പിതാവ് ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി, എസ്ഡിയിലെ ആദ്യ സഹോദരിമാര്‍, ഉള്ളതൊക്കെയും സന്യാസിനീസമൂഹത്തിനു ദാനം ചെയ്ത ഫാ. വര്‍ഗീസ് പതിയാമൂല, സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മോണ്‍. ജോര്‍ജ് വല്യാറമ്പത്ത് എന്നിവരെ 20നു പ്രത്യേകം അനുസ്മരിക്കും. ഇവരുടെ കുടുംബാംഗങ്ങളും എസ്ഡി സന്യാസിനിമാര്‍ക്കൊപ്പം അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കും. ഓരോ കുടുംബത്തില്‍നിന്നും 20 പ്രതിനിധികള്‍ വീതം പങ്കുചേരും.
ശതാബ്ദി വർഷത്തിൽ ആദ്യവ്രതം സ്വീകരിച്ച എസ്ഡി സന്യാസിനിമാർക്കു സ്വീകരണവും സമര്‍പ്പിതജീവിതത്തിന്റെ 25, 50 വര്‍ഷങ്ങളിലെത്തിയ എസ്ഡി സന്യാസിനിമാർക്ക് അനുമോദനവും 21നു നടക്കും.
സീറോമലബാര്‍ സഭയിലെ വിവിധ മെത്രാന്മാര് 23ന് എസ്ഡി ജനറലേറ്റില്‍ ഒരുമിച്ചുചേരും. വൈകുന്നേരം 5.30ന് സമൂഹബലി. മുൻ ജനറല്‍ കൗണ്‍സിലുകളിലെ അംഗങ്ങള്‍ 24ന് ജനറലേറ്റില്‍ ഒത്തുചേരും. ആറു പ്രോവിന്‍സുകളിലായി 1400 ലധികം എസ്ഡി സന്യാസിനിമാര്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും 12 വിദേശരാജ്യങ്ങളിലുമായി പ്രേഷിതശുശ്രൂഷ ചെയ്യുന്നുണ്ടെന്നു സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിസ് ഗ്രെയ്സ് പറഞ്ഞു.
ശതാബ്ദി സമ്മേളനം 22ന്
എസ്ഡി ശതാബ്ദി പൊതുസമ്മേളം 22നു തോട്ടുമുഖം ജനറലേറ്റില്‍ നടക്കും. രാവിലെ 10.30നു കൃതജ്ഞതാ ദിവ്യബലി. 2.30നു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോജി എം. ജോണ്‍, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, വിവിധ രൂപതകളില്‍ നിന്നുള്ള മെത്രാന്മാര്, വൈദികര്‍, വൈദിക, സമര്‍പ്പിത സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, അഗതിമന്ദിരങ്ങളുടെ പ്രതിനിധികൾ, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.