കൽപറ്റ: എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം. വടകര എം.പി ഷാഫി പറമ്പിൽ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ രീതിയിൽ കോടികൾ ആവശ്യപ്പെട്ട് വ്യാജ കോളുകൾ ലഭിച്ചതായാണ് പുതിയ വിവരം.
സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ നൽകിയ പരാതിയിലാണ് വയനാട് സൈബർ പോലീസ് കേസെടുത്തത്.
രാജ്കുമാർ ആണെന്ന് പറഞ്ഞാണ് വിദ്യയെ മറ്റൊരു നമ്പറിൽനിന്ന് ഒരാൾ വിളിച്ചത്. സമാനരീതിയിൽ ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും ഫോൺകോളുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം.
തട്ടിപ്പിനായി ഉപയോഗിച്ച സിം കാർഡ് ഉടമയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രഫഷണൽ സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.