ന്യൂഡൽഹി: പുതിയ മൊബൈൽ ഫോൺ സിം കാർഡുകൾ എടുക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പരമാവധി ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ മുന്നറിയിപ്പ്.
സമാന്തരമായി നടന്ന സൈബർ കുറ്റാന്വേഷണങ്ങളിൽ, യഥാർഥ ഉപഭോക്താക്കൾ അറിയാതെ അവരുടെ തിരിച്ചറിയൽ/കെവൈസി വിവരങ്ങൾ ഉപയോഗിച്ച് സിം കാർഡുകൾ അനാവശ്യമായി ആക്ടിവേറ്റ് ചെയ്യുകയും അനധികൃതമായി കൈവശം വച്ച് മറ്റുള്ളവർക്കു കൈമാറുകയും ചെയ്ത സംഭവങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നിർദേശം.
ഇത്തരത്തിൽ എടുത്ത സിം കാർഡുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പുകൾ നടത്തൽ, വ്യാജ മെസേജിംഗ് അക്കൗണ്ടുകൾ സൃഷ്ടിക്കൽ, വിവിധ ആവശ്യങ്ങൾക്കുള്ള ഒടിപി സ്വീകരിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ടെലികോം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകൾക്കിരയായാൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ ദുരുപയോഗത്തെക്കുറിച്ച് ഉപഭോക്താവ് നിയമപരമായി വിശദീകരണം നൽകേണ്ട സാഹചര്യമുണ്ടായേക്കാം. അതിനാൽ, സമർപ്പിക്കുന്ന തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ലഭിക്കുന്ന ഓരോ സിം കാർഡും നേരിട്ടാണ് കൈമാറുന്നതെന്നും അതു പൂർണമായും സ്വന്തം കൈവശത്തിലും നിയന്ത്രണത്തിലുമാണെന്നും ഉപഭോക്താക്കൾ ഉറപ്പാക്കണം.
ആവശ്യപ്പെട്ട കണക്ഷനുമായി ബന്ധമില്ലാത്ത മറ്റേതെങ്കിലും ആവശ്യത്തിനായി സ്വന്തം പേരിൽ സിം കാർഡ് സൂക്ഷിക്കാനോ ഉപയോഗിക്കാനോ കൈമാറാനോ ആക്ടിവേറ്റ് ചെയ്യാനോ റീടെയ്ലറെയോ ഏജന്റിനെയോ അനുവദിക്കരുതെന്നും ടെലികോം വകുപ്പ് അറിയിച്ചു.
സ്വന്തം പേരിൽ അനുവദിച്ചിട്ടുള്ള മൊബൈൽ കണക്ഷനുകൾ ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിനായി ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ്പോ വെബ് പോർട്ടലോ പ്രയോജനപ്പെടുത്താം. അറിയാത്തതോ നിലവിൽ ആവശ്യമില്ലാത്തതോ ആയ കണക്ഷനുകൾ ഈ പോർട്ടൽ വഴി റിപ്പോർട്ട് ചെയ്ത് റദ്ദാക്കാവുന്നതാണ്.