ന്യൂഡൽഹി: രാജസ്ഥാനിലെ എസ്ഐആർ നടപടിക്രമത്തിനിടെ ‘മരണപ്പെട്ടവരെന്ന്’ അടയാളപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കംചെയ്ത ഏകദേശം 8.75 ലക്ഷമാളുകളിൽ 1.82 ലക്ഷം പേർ ജീവനോടെയിരിക്കുന്നുവെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ (എസ്ഇസി) കണ്ടെത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പഞ്ചായത്തുകളിലെ വോട്ടർപട്ടികയുടെ പുനഃപരിശോധന നടത്തിയപ്പോൾ കേന്ദ്ര കമ്മിഷൻ മരണപ്പെട്ടവരെന്നു വിധിയെഴുതിയ 1,82,440 പൗരർ ജീവനോടെ ഇരിക്കുന്നുവെന്ന് കണ്ടെത്തിയെന്നു സ്വതന്ത്ര മാധ്യമമായ റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്ഐആർ നടപടി 2025 ഒക്ടോബറിനും 2026 ഫെബ്രുവരിക്കുമിടയിലാണ് നടന്നതെങ്കിൽ സംസ്ഥാന കമ്മിഷൻ 2025 ഡിസംബറിലാണ് പഞ്ചായത്ത് വോട്ടർപട്ടികകളുടെ പുനഃപരിശോധന പ്രഖ്യാപിച്ചത്. കേന്ദ്ര കമ്മിഷൻ എസ്ഐആർ പൂർത്തിയാക്കി നാല് ദിവസത്തിനു ശേഷമാണ് സംസ്ഥാന കമ്മിഷനും അവരുടെ നടപടി പൂർത്തിയാക്കിയത്.
എസ്ഐആറിനു മുമ്പുള്ള വോട്ടർപട്ടിക പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കുള്ള അടിസ്ഥാനമായി എടുത്തതിനാലുള്ള വ്യത്യാസമാണിതെന്നാണ് രാജസ്ഥാനിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം.