കോഴിക്കോട്: എസ്കെഡി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകനായ മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് കോഴിക്കോട്ടെ എസ്കെഡി ജനറലേറ്റില്‍ പ്രത്യേക അനുസ്മരണ പരിപാടികള്‍ നടത്തും.
വിവിധ രൂപതാധ്യക്ഷന്മാരും വൈദികരും സന്യാസിനിമാരും വിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10ന് എസ്കെഡി ജനറലേറ്റില്‍ ആരംഭിക്കുന്ന ദിവ്യബലിക്ക് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ബിഷപ് എമരിറ്റസ് മാര്‍ ബോസ്കോ പുത്തൂര്‍, ബിഷപ് എമരിറ്റസ് മാര്‍ തോമസ് ഇലവനാല്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും.
തുടര്‍ന്ന് എസ്കെഡി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. എസ്കെഡി മദര്‍ ജനറല്‍ സിസ്റ്റര്‍ ടീന കുന്നേല്‍ സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മെറീന നന്ദിയും പറയും.